തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ളവരെ കൈവിടില്ലെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ യാതൊരു തെറ്റുമില്ല. പിഎസ്സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടന്നത്. പിഎസ്സി ലിസ്റ്റിൽ ഉൾപ്പെട്ട ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. അവർ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വർഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തിയത്.
എന്തോ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്. ഇതങ്ങനെ ഒരു പ്രശ്നമേയില്ല. പൂർണ്ണമായും പത്ത് വർഷം പൂർത്തിയാക്കിയവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്.
ബോധപൂർവ്വം സർക്കാരിന്റെ നടപടികളെ കരിവാരിതേക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവർക്ക് അസരം നൽകേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്നങ്ങളെ ഉണ്ടാകൂ, അർഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സർക്കാരും എൽഡിഎഫും കാണുന്നത്. ജനങ്ങൾ എൽഡിഎഫ് സർക്കാരിനൊപ്പം തന്നെയാണ് നിൽക്കുന്നത്. ജനങ്ങൾ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാൽ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇതൊരു ആയുധം നൽകേണ്ട എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ ആർക്കും നിയമനം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സർക്കാർ നൽകും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

