കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍പ്പിലേക്ക്. കേരള കോണ്‍ഗ്രസ് ബിയിലെ പത്ത് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിവിട്ട് യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നേതാക്കള്‍ ഉടന്‍ കോഴിക്കോട് നടത്തും.
ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമല്ലാത്തതിനാല്‍ മകന്‍ ഗണേഷ് കുമാറാണ് ബി ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. ഗണേഷ് കുമാര്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തശേഷം തങ്ങള്‍ക്ക് കടുത്ത അവഗണന നേരിടേണ്ടിവന്നു എന്ന് ആക്ഷേപിച്ചുകൊണ്ടാണ് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിടുന്നത്. ഗണേഷ് കുമാര്‍ തന്റെ വിശ്വസ്തരെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂവെന്ന് ഈ നേതാക്കള്‍ പരാതിപ്പെട്ടിരുന്നു.
ഗണേഷ് കുമാറും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തതായി പാര്‍ട്ടിവിട്ട നേതാക്കള്‍ ആരോപിക്കുന്നു. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിലെ പാര്‍ട്ടി പ്രസിഡന്റുമാരും പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള പ്രബല നേതാക്കളുമാണ് ബി ഗ്രൂപ്പ് വിടുന്നത്. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഈ നേതാക്കള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുന്‍പ് തന്നെ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി ഗ്രൂപ്പില്‍ നിന്നും അകന്ന ഈ നേതാക്കള്‍ മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.

