ബിഹാറിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പാറ്റ്ന:∙സ്കൂള്‍ വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ബിഹാറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി രാജ് സിംഘാനിയ എന്ന അരവിന്ദ് കുമാറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

കേസിന്റെ സ്വഭാവം പരിഗണിച്ചു പ്രതിക്കു വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കാന്‍ സാധിക്കില്ലെന്നു ജഡ്ജി അവദേശ് കുമാര്‍ വ്യക്തമാക്കി. പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയ സ്കൂള്‍ അധ്യാപകന്‍ അഭിഷേക് കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്നതായും സ്പെഷല്‍ കോടതി ജഡ്ജി അവദേശ് കുമാര്‍ വിധിച്ചു. അഭിഷേകിന് 50,000 രൂപ പിഴയുമുണ്ട്. ഈ തുകയും ഇരയ്ക്കു ലഭിക്കും. അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള പാറ്റ്ന പുല്‍വാരിഷെരിഫിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്കൂളില്‍ 2018 ലാണ് പീഡനം നടന്നത്.

ദിവസവേതനക്കാരനായ ആളുടെ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതോടെയാണു സംഭവം പുറത്തായത്. രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായി. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.

പെണ്‍കുട്ടിയെ ‘കോപ്പി’ പരിശോധിക്കാനെന്നു പറഞ്ഞ് അഭിഷേകാണ് ആദ്യം പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു പറഞ്ഞുവിട്ടത്. സ്കൂള്‍ കെട്ടിടത്തിലെ പ്രത്യേകം ഒരുക്കിയ മുറിയില്‍വച്ച്‌ അരവിന്ദ് കുട്ടിയെ ബലാല്‍സംഗം ചെയ്തു. പിന്നീട് ഇത് ആവര്‍ത്തിച്ചു. പെണ്‍കുട്ടി ആറുമാസത്തിനിടെ ആറു തവണയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് ചന്ദ്രപ്രസാദ് പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങളും പ്രതികള്‍ പകര്‍ത്തിയിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ഡിഎന്‍എ സാംപിള്‍ അരവിന്ദിന്റെ ഡിഎന്‍എയുമായി ഒത്തുപോകുന്നതാണെന്നാണു ഫൊറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തി. സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →