ചെന്നൈ: കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ ഇന്നലെ ഔദ്യോഗിക പരിപാടിയ്ക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് രാഷ്ട്രീയ സമവായത്തിന്റെ സൂചന കൂടിയാണ്. മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമിയെയും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനടുത്ത് ഇരുന്ന ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വത്തെയും വിളിച്ച് പുഞ്ചിരിയോടെ കൈകള്‍ പിടിച്ച് മോദി ഉയര്‍ത്തിയത്. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുമുതല്‍ പന്നീര്‍സെല്‍വം, തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് പിന്നോട്ട് നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പളനിസ്വാമിയും പന്നീര്‍സെല്‍വവും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് മോദി അണികള്‍ക്ക് നല്‍കിയത്.
നാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ, മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികല എ.ഐ.എ.ഡി.എം.കെയുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നുവെന്ന വാര്‍ത്തയും സജീവമാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ശശികല കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ വാര്‍ത്തയും വന്ന സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.മുഖ്യമന്ത്രിയുടെ അമ്മയുടെ മരണത്തില്‍ അനുശോചനമറിയിക്കാനാണു കൂടിക്കാഴ്ചയെന്നാണു ശശികലയുടെ വിശദീകരണം. കഴിഞ്ഞ ഒക്ടോബറിലാണു പളനിസ്വാമിയുടെ അമ്മ ഹൃദയാഘാതം മൂലം മരിച്ചത്. അന്നു ശശികല ബംഗളുരുവിലെ ജയിലിലായിരുന്നു.

