കോട്ടയം: ‘ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകര്‍ത്തത്’ വിചാരണക്കിടെ സുരേഷിനെ തിരിച്ചറിയുമോയെന്ന പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ചോദ്യത്തെ തുടര്‍ന്നായിരുന്നു പൊട്ടിക്കരഞ്ഞുള്ള വിതുര പെണ്‍കുട്ടിയുടെ മറുപടി. പതിറ്റാണ്ടുകള്‍ക്ക് ശേഷം കോടതി മുറിയില്‍ സുരേഷിനെ കണ്ട ഭീതിയില്‍ വിങ്ങിപ്പൊട്ടിയ ഇവര്‍ പലതവണ അസ്വസ്ഥത പ്രകടിപ്പിച്ചു. പലതവണ കോടതിയില്‍ പൊട്ടിക്കരഞ്ഞു.
ഇതോടെ വിസ്താരവും തടസ്സപ്പെട്ടു. നിരവധി നാടകീയതകള്‍ നിറഞ്ഞ വിചാരണക്കൊടുവിലാണ് സുരേഷ് കുറ്റക്കാരനാണെന്ന കോടതിവിധി.
കേസിന്റെ ആദ്യ രണ്ടുഘട്ടങ്ങളിലും പ്രതികളെ തിരിച്ചറിയാനായില്ലെന്ന് യുവതി മൊഴി നല്‍കിയതോടെയാണ് എല്ലാവരെയും വിട്ടയച്ചത്. എന്നാല്‍, മൂന്നാംഘട്ടത്തില്‍ സുരേഷിന്റെ വിചാരണയുടെ ഒരുഘട്ടത്തിലും ചാഞ്ചാട്ടമുണ്ടായില്ല. കേസിലെ പ്രതികളെ വെറുതെ വിട്ടതോടെ, സമാനവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു 19 വര്‍ഷം ഒളിവിലായിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങിയത്. എന്നാല്‍, പെണ്‍കുട്ടിയെ സുരേഷിന് കബളിപ്പിക്കാനായില്ല.
പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അജിതാബീഗം കൂട്ടിക്കൊണ്ടുപോയി സുരേഷിന് കൈമാറിയതാണെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് സുരേഷ് എറണാകുളത്തെ അത്താണിയിലുള്ള വീട്ടില്‍ താമസിപ്പിച്ചു. കാറില്‍ കയറ്റി കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ഒരാളുടെ മുന്നിലേക്ക് തള്ളി. ഇയാള്‍ പീഡനത്തിനിരയാക്കിയതായും യുവതി മൊഴി നല്‍കി. പിന്നീട് സുരേഷ് പലതവണ പീഡിപ്പിച്ചു, പലര്‍ക്കായി കാഴ്ചവെച്ചു. പൊട്ടിക്കരഞ്ഞാണ് യുവതി അടച്ചിട്ട കോടതി മുറിയില്‍ മൊഴി നല്‍കിയത്.
ഇതിനുപിന്നാലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു. പരോളിലിറങ്ങിയ പ്രതി ഫോണില്‍ വിളിച്ചും നേരിട്ടും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി കോടതിയില്‍ പറഞ്ഞു. പ്രതിയുടെ അഭിഭാഷകന്‍ പിന്മാറുന്ന കാഴ്ചയും വിചാരണക്കിടെ കണ്ടു. കേസ് ആരംഭിച്ച ആദ്യ ദിവസം തന്നെ സുരേഷിന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു. പിന്നീട് കോടതി മറ്റൊരു അഭിഭാഷകനെ ഏര്‍പ്പെടുത്തുകയായിരുന്നു.