ന്യൂഡൽഹി: ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന കസ്റ്റോഡിയൽ അക്രമം വെറുപ്പുളവാക്കുന്നതാണെന്നും പരിഷ്‌കൃത സമൂഹത്തിൽ സ്വീകാര്യമല്ലെന്നും സുപ്രീംകോടതി.
പ്രതി ചെയ്ത കുറ്റം മരണപ്പെട്ടയാൾക്ക് എതിരായ കുറ്റമല്ലെന്നും മറിച്ച് മനുഷ്യത്വത്തിന് എതിരാണെന്നും അതിനാൽ കസ്റ്റഡി കൊലപാതകം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പരമോന്നത കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് ഐപിസി 324-ാം വകുപ്പ് പ്രകാരമുള്ള ശിക്ഷ വർദ്ധിപ്പിക്കാൻ വിസമ്മതിച്ചപ്പോൾ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം വർദ്ധിപ്പിച്ചു.
“മരണത്തിലേക്ക് നയിച്ച കസ്റ്റഡി അക്രമം വെറുപ്പുളവാക്കുന്നതാണെന്നു മാത്രമല്ല പരിഷ്കൃത സമൂഹത്തിൽ അവ സ്വീകാര്യവുമല്ല,” ബെഞ്ച് കൂട്ടിച്ചേർത്തു, “പോലീസ് സ്റ്റേഷനിൽ ഒരാളെ മർദ്ദിക്കുന്നത് സമൂഹത്തിൽ മുഴുവൻ ഭയമാണുണ്ടാക്കുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും പോലീസിൽ നിന്നും സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ആളുകൾ പോലീസ് സ്റ്റേഷനിൽ പോകുന്നതെന്നും ബെഞ്ച് പറഞ്ഞു.
“ജനങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നയാൾ ജനങ്ങളെ സംരക്ഷിക്കുന്നതിനുപകരം ക്രൂരത സ്വീകരിക്കുകയും പോലീസ് സ്റ്റേഷനിൽ വരുന്ന വ്യക്തിയെ മനുഷ്യത്വരഹിതമായി മർദ്ദിക്കുകയും ചെയ്യുമ്പോൾ അത് അംഗീകരിക്കാനാകില്ല” ബെഞ്ച് പറഞ്ഞു.
കുറ്റാരോപിതരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.