പാംഗോങ്ങില്‍ സേന പിന്മാറ്റം: തുടര്‍ചര്‍ച്ച ഗാല്‍വാന്‍ വാലി, ഗോഗ്ര പോസ്റ്റ്, ഡെപ്‌സാങ് സമതലം എന്നിവയ്ക്ക് വേണ്ടിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പാംഗോങ്ങില്‍ സേന പിന്മാറ്റം ആരംഭിച്ച സാഹചര്യത്തില്‍ ഇനിയുള്ള ഇന്ത്യാ-ചൈന സൈനീക ചര്‍ച്ച മറ്റ് സംഘര്‍ഷ മേഖലകളെ കുറിച്ചായിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.ഗാല്‍വാന്‍ വാലി, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര പോസ്റ്റ്, ഡെപ്‌സാങ് സമതലങ്ങള്‍ എന്നിവിടങ്ങളിലെ തര്‍ക്കം സംബന്ധിച്ചായിരിക്കും തുടര്‍ ചര്‍ച്ചകളെന്നാണ് അദ്ദേഹം രാജ്യസഭയെ അറിയിച്ചത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി രേഖയിലും മറ്റ് ചില സ്ഥലങ്ങളിലും സൈനീക വിന്യാസം, പട്രോളിംഗ് എന്നിവ സംബന്ധിച്ച് ഇനിയും ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യങ്ങളും തുടര്‍ ചര്‍ച്ചകളില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് ഒരു നഷ്ടവും വരുത്താതെയാണ് പാംഗോങ്ങില്‍ സേന പിന്മാറ്റം സേന പിന്മാറ്റം നടക്കുന്നത്. നടപടികള്‍ 48 മണിക്കൂറിനകം പൂര്‍ത്തിയാക്കി ഇരുരാജ്യങ്ങളും സൈനികതല യോഗം ചേരും. ഏപ്രിലിന് ശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍ അറിയിച്ചു.കമാന്‍ഡര്‍തല ചര്‍ച്ച 9 തവണ പൂര്‍ത്തിയാക്കി. ധാരണകള്‍ക്ക് വിപരീതമായി ചൈന ഏകപക്ഷീയമായി സൈനികബലം കൂട്ടുകയും അതിര്‍ത്തി ലംഘത്തിന് ശ്രമിച്ചതുമാണ് സമാധാനം തകര്‍ത്തത്. അതിര്‍ത്തിയിലെ സാഹചര്യം ഉഭയകക്ഷി ബന്ധത്തെ ബാധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ച് താല്‍പര്യങ്ങളും പരമാധികാരവും സംരക്ഷിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്ത തേടാന്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →