ഭീമാ കൊറേഗാവ് കേസ്, കവി വരവര റാവുവിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കുടുംബം

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തിയ കവി വരവര റാവുവിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കുടുംബം. അതിനാലാണ് അന്വേഷണ ഏജന്‍സികള്‍ ശാസ്ത്രീയ തെളിവുകള്‍ കൈമാറാന്‍ തയ്യാറാവാത്തതെന്നും കുടുംബം ചൂണ്ടിക്കാട്ടി.

കേസില്‍ അറസ്റ്റിലായ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ റോണാ വില്‍സന്‌ എതിരായ സാങ്കേതിക തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് സൈബര്‍ വിദഗ്ധര്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് വരവര റാവുവിനെതിരായ തെളിവുകള്‍ കൈമാറന്‍ തയ്യാറാവത്ത അന്വേഷണ ഏജന്‍സിക്കെതിരെ കുടുംബം രംഗത്തെത്തിയത്.

മഹാരാഷ്ട്ര ഭീമാ-കൊറേഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് 2018 ജൂണിലാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് പി വരവര റാവു, റോണ വില്‍സന്‍ തൊഴിലാളി യൂണിയന്‍ നേതാവ് സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്‌ലഖ, അരുണ്‍ ഫെരെയ്‌ര, വെര്‍ണന്‍ ഗോണ്‍സാല്‍വെസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും പദ്ധതിയിടാന്‍ ഇവര്‍ കൂട്ടുനിന്നെന്ന് പൊലീസും എന്‍ഐഎയും വാദിച്ചു. വരവര റാവുവിന്റെയും റോണ വില്‍സെന്റിന്റെയും ലാപ്‌ടോപില്‍ നിന്നും തെളിവുകള്‍ ലഭിച്ചെന്നായിരുന്നു എന്‍ഐഎയുടെയും പ്രധാന വാദം.

എന്നാല്‍ റോണയുടെ അഭിഭാഷകന്‍ സാങ്കേതിക തെളിവുകള്‍ നല്‍കണം എന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ റോണായുടെ ലാപ്‌ടോപ് സംഘര്‍ഷത്തിന് രണ്ട് വര്‍ഷം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നും കണ്ടെത്തി. ഹാക്കിംഗിലൂടെ 10ലധികം ഡോക്യുമെന്റുകളാണ് ലാപ്‌ടോപില്‍ സ്ഥാപിച്ചത്. 22 മാസം ലാപ്‌ടോപ് മാല്‍വെയറിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ആരാണ് ഹാക്കിംഗിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നില്ല. ആര്‍സനല്‍ കണ്‍സല്‍ട്ടിങ് എന്ന അമേരിക്കന്‍ ഡിജിറ്റല്‍ ഫൊറന്‍സിക് സ്ഥാപനമാണ് പരിശോധന നടത്തിയത്.

റോണായെ നിരീക്ഷിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ലാപ്‌ടോപ് ഹാക്ക് ചെയ്തതെന്ന് വ്യക്തമാണെന്ന് യുഎസ് ഡിജിറ്റല്‍ ഫൊറെന്‍സിക് കണ്‍സള്‍ട്ടന്റ് മാര്‍ക്ക് സ്‌പെന്‍സര്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തോടു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →