ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും രാജ്യത്ത് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തും. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആര്‍.ബി.ഐ. പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്കു മാത്രമാകും രാജ്യത്ത് സാധുതയുണ്ടാകുക.
രാജ്യസഭയിലാണ് ക്രിപ്‌റ്റോകറന്‍സി ട്രേഡിങ് സംബന്ധിച്ച് ധനമന്ത്രിയുടെ പ്രതികരണം. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ക്രിപ്‌റ്റോകറന്‍സികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്നു 2018-19 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അടുത്തിടെ സുപ്രീം കോടതി നീക്കിയിരുന്നു.
ക്രിപ്റ്റോ കറന്‍സികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായിരിക്കേയാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ബിറ്റകോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്കു വന്‍ പ്രചാരമാണമുള്ളത്. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം 150 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതിനു പിന്നാലെ ബിറ്റകോയിനിന്റെ മൂല്യം കുതിച്ചിരുന്നു. തങ്ങളുടെ കാറുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഭാവിയില്‍ ഇലക്ട്രോണിക് കറന്‍സി ഉപയോഗിച്ച് വാങ്ങാനാകുമെന്ന വമ്പന്‍ പ്രഖ്യാപനവും മസ്‌ക് നടത്തിയിരുന്നു.
ക്രിപ്റ്റോകറന്‍സി ബില്‍ അന്തിമമാക്കാനുള്ള ശ്രമത്തിലാണെന്നും ഉടന്‍ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

