കുടിശികയുടെ പേരില്‍ ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പിരിച്ചെടുത്ത വിഹിതം അടക്കുന്നതില്‍ കുടിശികയുണ്ടെന്ന പേരില്‍ ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നിഷേധിക്കരുതെന്ന് ഹൈക്കോടതി. ജീവനക്കാരോ തൊഴിലുമയോ അടയ്ക്കാനുളള കുടിശിക ഈടാക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന് നിയമപരമായി നടപടിയെടുക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ഭര്‍ത്താവിന്‍റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്ര ക്രിയക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ആനുകൂല്യത്തിനായി നല്‍കിയ അപേക്ഷ നിരസിച്ച ഇഎസ് ഐ നടപടി ചോദ്യം ചെയ്ത് കായംകുളം കരീലകുളങ്ങര സ്വദേശിനിയായ സ്‌കൂള്‍ അദ്ധ്യാപിക നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇഎസ്‌ഐ ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

2010 ജൂണ്‍ മുതല്‍ ഹര്‍ജിക്കാരിയുടെ ശമ്പളത്തില്‍നിന്ന് ഇഎസ്‌ഐ വിഹിതം പിടിക്കുന്നുണ്ടെങ്കിലും 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ചുവരെ വിഹിതം അടച്ചിട്ടില്ലെന്ന് കാട്ടിയാണ് ഇഎസ് ഐ അധികൃതര്‍ അപേക്ഷ നിരസിച്ചത്. പ്രളയവും കോവിഡ് ലോക്ക്ഡൗണും നിമിത്തമാണ് വിഹിതം അടക്കുന്നതില്‍ കുടിശിക വന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. തുക അടക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപതികരമല്ലെന്ന് വ്യക്തമാക്കിയ ഇഎസ്‌ഐ ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് സൂപ്പര്‍ സ്പഷ്യാലിറ്റി മെഡിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് വിലയിരുത്തുകയായിരുന്നു.

എന്നാല്‍ 2018ലെ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. രോഗം ഗുരുതരമായതിനാല്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് പോംവഴി. ഭര്‍ത്താവിന് വൃക്ക ദാനം ചെയ്യാന്‍ ഹര്‍ജിക്കാരി തയ്യാറാണ്. ഇരുവര്‍ക്കും സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സിംഗിള്‍ ഹെഞ്ച് നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →