വിവാഹമോചനം നേടാതെ മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹമാകാം: സ്ത്രീക്ക് അത് സാധിക്കില്ലെന്ന് കോടതി

ന്യൂഡല്‍ഹി: വിവാഹമോചനം നേടാതെ മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹമാകാമെന്നും എന്നാല്‍ മുസ്ലീം സ്ത്രീക്ക് അത് സാധിക്കില്ലെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി. തങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുസ്ലീം ദമ്പതികളുടെ അപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് അല്‍ക സരിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാര്‍ ഇരുവരുടെയും രണ്ടാം വിവാഹമാണിത്. എന്നാല്‍ മുന്‍ വിവാഹങ്ങള്‍ താല്‍പര്യമില്ലാതെ വീട്ടുകാരുടെ സമ്മര്‍ദ്ദഫലമായി നടന്നതാണെന്നും 2021 ജനുവരി 19ന് നടന്ന പുതിയ വിവാഹജീവിതവുമായി മുന്നോട്ട് പോവാന്‍ സംരക്ഷണം നല്‍കണമെന്നുമാണ് ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടത്. കുടുംബങ്ങളില്‍ നിന്ന് ഭീഷണി ഉണ്ടെന്നും ഇരുവരും വ്യക്തമാക്കിട്ടുണ്ട്. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ജീവന് ഭീഷണിയുണ്ടെങ്കിലും സംരക്ഷണം ആവശ്യമാണെങ്കിലും അത് നല്‍കാന്‍ സാധിക്കുമെന്ന വ്യക്തമാക്കിയ കോടതി, ഇരുവരുടെയും വിവാഹത്തിന്റെ സാധുത അംഗീകരിച്ചില്ല.

യുവതി ആദ്യത്തെ ഭര്‍ത്താവില്‍ നിന്ന് മുസ്ലിം വ്യക്തിഗത നിയമപ്രകാരം അല്ലെങ്കില്‍ 1939 ലെ മുസ്ലിം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹമോചനം നേടിയിട്ടുണ്ടോ എന്ന കാര്യം വ്യക്തത വരുത്തണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം . ആദ്യ പങ്കാളിയെ നിയമപരമായി വിവാഹമോചനം ചെയ്യാതെ, ഈ കോടതിക്ക് ദമ്പതികളെന്ന നിലയില്‍ അപേക്ഷകര്‍ക്ക് എങ്ങനെ സംരക്ഷണം നല്‍കാനാകുമെന്നും കോടതി ചോദിച്ചു .ഒരു മുസ്ലീം പുരുഷന്‍ തന്റെ മുന്‍ ഭാര്യയെ വിവാഹമോചനം ചെയ്യാതെ ഒന്നിലധികം തവണ വിവാഹം കഴിച്ചേക്കാം, എന്നാല്‍ ഇത് ഒരു മുസ്ലീം സ്ത്രീക്ക് ബാധകമല്ല. ഒരു മുസ്ലീം സ്ത്രീ തന്റെ ആദ്യ ഭര്‍ത്താവിനെ മുസ്ലീം വ്യക്തിഗത നിയമപ്രകാരം അല്ലെങ്കില്‍ 1939 ലെ മുസ്ലീം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹമോചനം നടത്തണമെന്നുമാണ് കോടതി പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →