വിധിന്യായങ്ങളുടെ ”സാമ്പത്തിക ആഘാതം”: പഠനം നടത്താന്‍ നീതി അയോഗ്

ന്യൂഡല്‍ഹി: വിധിന്യായങ്ങളുടെ ”സാമ്പത്തിക ആഘാതം” സംബന്ധിച്ച് പഠനം നടത്താന്‍ നീതി അയോഗ് ജയ്പൂര്‍ ആസ്ഥാനമായ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (സിയുടിഎസ്) ഇന്റര്‍നാഷണലിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി, ഹൈക്കോടതികള്‍, അര്‍ദ്ധ-ജുഡീഷ്യല്‍ ബോഡികള്‍ തുടങ്ങിയ വിവിധ വിധിന്യായങ്ങളെ കുറിച്ച് പഠിക്കാനാണ് നിര്‍ദേശം.

നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലും (എന്‍ജിടി) മറ്റ് ട്രൈബ്യൂണലുകളുടെയും ”ജുഡീഷ്യല്‍ ആക്ടിവിസവും”പഠന വിധേയമാക്കും. അതത് സമയത്ത് തീരുമാനം എടുക്കാത്തത് മൂലവും വിധി നീണ്ടുപോവുന്നത് മൂലവും വിധിയുടെ ഭാഗമായുമെല്ലാം പലവിധത്തില്‍ സാമ്പത്തിക ആഘാതങ്ങള്‍ ഉണ്ടാവും. ഇതെല്ലാം മനസിലാക്കുന്നതിനാണ് നീതി അയോഗിന്റെ നടപടി. എന്‍ഐടിഐ ആയോഗിന്റെ ധനസഹായത്തോടെയാണ് ഈ പഠനം നടക്കുക. വിധിന്യായങ്ങളുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ജുഡീഷ്യറിയെ ബോധ്യമാക്കുക കൂടിയാണ് പഠനത്തിന്റെ ലക്ഷ്യം. ഈ കണ്ടെത്തലുകള്‍ കോടതികളിലെ ജഡ്ജിമാര്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമാക്കുകയും ചെയ്യും.

അതേസമയം, ഈ പഠനത്തിന്റെ ലക്ഷ്യം, സമയപരിധി, ചെലവ് എന്നിവ സംബന്ധിച്ച് മാധ്യമങ്ങള്‍ നിതി ആയോഗിനും സിയുടിഎസ് ഇന്റര്‍നാഷണലിനും അയച്ച ഇമെയിലുകള്‍ക്ക് മറുപടി ഇതുവരെ നല്‍കിയിട്ടില്ല. 2020 ഫെബ്രുവരിയില്‍ ആരംഭിച്ച് ഈ മാസം അവസാനത്തോടെ പഠനം അവസാനിപ്പിക്കാനാണ് സിയുടിഎസിന് ലഭിച്ച നിര്‍ദേശം. എന്നാല്‍ കോവിഡ് -19കാരണം സമയപരിധി നീട്ടണമെന്ന അഭ്യര്‍ഥനയ്ക്കും നിതി ആയോഗില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നും സിയുടിഎസ് അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍ 24.8 ലക്ഷം രൂപയായിരുന്ന പദ്ധതിയുടെ മൊത്തം ചെലവ് ഇത്തവണ കൂടുതല്‍ ഉയരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →