കൊളംബോ: തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള മൂന്ന് ശ്രീലങ്കന്‍ ദ്വീപുകളില്‍ ഹൈബ്രിഡ് കാറ്റ്, സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനി നേടി. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സപ്പോര്‍ട്ടിംഗ് ഇലക്ട്രിസിറ്റി സപ്ലൈ വിശ്വാസ്യത മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി 12 മില്യണ്‍ യുഎസ് ഡോളര്‍ പദ്ധതി സിനോസര്‍-എടെക്വിന് നല്‍കിയിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡുമായി സംയുക്ത സംരംഭമായി നടപ്പാക്കുമെന്നും ശ്രീലങ്കന്‍ മാധ്യമമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് വിന്‍ഡ് ടര്‍ബൈന്‍ നിര്‍മ്മാതാക്കളായ ഗോള്‍ഡ് വിന്‍ഡിന്റെ അനുബന്ധ സ്ഥാപനമാണ് എടെക്വിന്‍. ഈസ്റ്റേണ്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിനുള്ള കരാര്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് കമ്പനിയുമായുള്ള കരാര്‍ സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.അതേസമയം അന്താരാഷ്ട്ര തലത്തില്‍ ലേലത്തിന് ക്ഷണിച്ച ശേഷമാണ് കരാര്‍ നല്‍കിയതെന്നും ഇന്ത്യയുടെ ലേല നടപടി മത്സരാധിഷ്ഠിതമല്ലെന്നും ശ്രീലങ്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. ജാഫ്ന ഉപദ്വീപില്‍ നിന്ന് പാല്‍ക്ക് കടലിടുക്കിലെ മൂന്ന് ദ്വീപുകളായ ഡെല്‍പ്റ്റ്, നൈനാറ്റിവു, അനലാറ്റിവു എന്നിവിടങ്ങളില്‍ വരുന്ന പദ്ധതിക്ക് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് ധനസഹായം നല്‍കും. മൂന്ന് ദ്വീപുകളില്‍ ഏറ്റവും വലുത് ഡെല്‍ഫ്റ്റ്, രാമേശ്വരത്തോട് ഏറ്റവും അടുത്താണുള്ളത്. നേരത്തെ, കൊളംബോ തുറമുഖത്തിന്റെ 49% നടത്തിപ്പവകാശം ഇന്ത്യക്കും ജപ്പാനും നല്‍കിയിരുന്ന കരാറില്‍നിന്നും ശ്രീലങ്ക പിന്‍മാറിയിരുന്നു. കൊളംബോ തുറമുഖത്തിന്റെ കിഴക്കന്‍ ടെര്‍മിനലിന്റെ പൂര്‍ണ ഉടമസ്ഥതയും നടത്തിപ്പവകാശവും ശ്രീലങ്ക പോര്‍ട്ട് അതോറിറ്റിക്കു കൈമാറിക്കൊണ്ടായിരുന്നു ലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനം. തുറമുഖവികസനത്തിനു ജപ്പാനും ഇന്ത്യയിലെ അദാനി ഗ്രൂപ്പുമായി 2019-ലാണു ശ്രീലങ്ക കരാറൊപ്പിട്ടത്.
രാമേശ്വരത്തിനടുത്തുള്ള ശ്രീലങ്കന്‍ ദ്വീപുകളില്‍ ഹൈബ്രിഡ് കാറ്റ്, സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനിയ്ക്ക്
