ലക്‌നൗ: കര്‍ഷക നേതാക്കളോട് രണ്ട് ലക്ഷം രൂപയുടെ പേഴ്‌സണല്‍ ബോണ്ട് കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. പ്രതിഷേധത്തില്‍ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ തുക കെട്ടിവെക്കാന്‍ വിവിധ നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.
ഉത്തര്‍പ്രദേശിലെ ബരൗട്ടില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ്, ജനുവരി 30നാണ് നേതാക്കള്‍ക്ക് നോട്ടീസ് വന്നത്. മുന്‍ ആര്‍.എല്‍.ഡി എം.എല്‍.എ വീര്‍പാല്‍ സിംഗ് റാഥി അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
‘ജനുവരി 30നാണ് എനിക്ക് നോട്ടീസ് ലഭിച്ചത്. ജില്ലയിലെ ഇരുന്നൂറോളം കര്‍ഷകര്‍ക്ക് ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കര്‍ഷകരെ പിന്തുണക്കുന്നതില്‍ നിന്നും ഞങ്ങളെ തടയാനാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. പക്ഷെ ഞാനും എനിക്കൊപ്പം നോട്ടീസ് ലഭിച്ച മറ്റുള്ളവരും മഹാപഞ്ചായത്തില്‍ പങ്കെടുക്കുക തന്നെ ചെയ്തു,’ വീര്‍പാല്‍ സിംഗ് റാഥി പറഞ്ഞു.
ഇതേകുറിച്ച് തനിക്ക് അറിയില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് രാജ് കമല്‍ യാദവ് പ്രതികരിച്ചത്. എന്നാല്‍ നോട്ടീസില്‍ ഒപ്പുവെച്ച സബ് ഡിവിഷണല്‍ ദുര്‍ഗേഷ് മിശ്ര പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല

