കാഠ്മണ്ഡു: ‘ഞങ്ങള്‍ ശര്‍മ ഒലിയെ ഇഷ്ടപ്പെടുന്നു, ഒലിയാണ് ഞങ്ങളുടെ ഹീറോ, അടുത്ത പത്ത് വര്‍ഷത്തേക്ക് ഒലിയായിരിക്കണം നേപ്പാള്‍ പ്രധാനമന്ത്രി’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ശര്‍മ ഒലി അനുകൂലികളുടെ റാലി.രാജ്യത്ത് ശക്തിപ്രാപിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശര്‍മ ഒലിയുടെ മറുപടിയായിട്ടാണ് റാലിയെ വിലയിരുത്തുന്നത്.പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.
ഡിസംബര്‍ 20 ന് പാര്‍ലമെന്റ് പിരിച്ചുവിടുകയും ഏപ്രില്‍ 30, മെയ് 10 തിയതികളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതു മുതലാണ് ഒലിക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഒലിയുടെ തന്നെ പാര്‍ട്ടിയും ഭരണകക്ഷിയുമായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിമത വിഭാഗവും പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യവുമാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്.
സ്‌കൂളുകളും മാര്‍ക്കറ്റുകളും ഗതാഗതവും അടച്ചുപൂട്ടിയ വിമത വിഭാഗം വ്യാഴാഴ്ച രാജ്യവ്യാപകമായി പൊതു പണിമുടക്കിന് നേതൃത്വം നല്‍കി.ഒലിയും സംഘവും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ചാണ് വിമത വിഭാഗം സര്‍ക്കാരുമായി ഇടഞ്ഞത്. കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ഒലിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വിമത വിഭാഗം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിലെ പ്രശ്നം പരാതിയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലുമെത്തിയിട്ടുണ്ട്.