ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് ഇരുമ്പ് പലകകളിലായി മുള്ളുകളും ആണികളും സ്ഥാപിച്ച റോഡിന് സമീപത്തായി മണ്ണിട്ട് പൂച്ചെടികള്‍ നട്ടു. ഗാസിയാബാദില്‍ നിന്നെത്തിയ മണ്ണുമായുള്ള രണ്ട് ട്രക്കുകളും ഭാരതീയ കിസാന്‍ യൂനിയന്റെ ദേശീയ വക്താവ് രാകേഷ് ടികായത്തിനൊപ്പമുണ്ടായിരുന്നു. ആണികള്‍ നിറഞ്ഞ റോഡ് മൊത്തത്തില്‍ ഒരു പൂന്തോട്ടമാക്കിയ ശേഷമാണ് സമരത്തിലുള്ള കര്‍ഷകര്‍ പ്രതിഷേധ വേദിയിലേക്ക് മടങ്ങിയത്. ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാനായി റോഡില്‍ ആണികള്‍ പാകിയ പോലിസിനുള്ള മറുപടിയാണ് ഈ പൂച്ചെടികളെന്നാണ് കര്‍ഷകരുടെ നിലപാട്.ഡല്‍ഹി-ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ കര്‍ഷക സമര വേദിയായ ഗാസിപൂരിലാണ് സംഭവം. ഡല്‍ഹി പോലീസ് തിങ്കളാഴ്ച്ചയാണ് ഇരുമ്പ് പലകകളിലായി മുള്ളുകളും ആണികളും റോഡില്‍ സ്ഥാപിച്ചത്. സിമന്റ് ഭിത്തികളും മുള്ളുവേലികളും അടക്കം നിരവധി നിരകളിലായി റോഡില്‍ ബാരിക്കേഡ് നിരത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. സമരത്തിലിരിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായിരുന്നു ഈ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇരുമ്പ് ആണികള്‍ ഡല്‍ഹി പോലീസ് പിന്നീട് നീക്കിയിരുന്നു.