കണ്ണൂർ: മുട്ടം സ്വദേശിനി അഫ്‌സീദയും ഉമ്മ മറിയവും സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത് ഒരു പാട് സങ്കടങ്ങളോടെയാണ്. നാലു വയസ്സുള്ള മകന്‍ മുഹമ്മദ് ഹസന്റെ വൃക്ക സംബന്ധിച്ച രോഗങ്ങള്‍ക്കൊപ്പം വീടിന്റെ വാടക നല്‍കാന്‍ പോലും നിവൃത്തിയില്ലെന്നറിയിച്ചപ്പോഴാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മറുപടി ആശ്വാസമായത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തില്‍ മാടായി ഗ്രാമപഞ്ചായത്തില്‍ അഫ്‌സീദയ്ക്കു വീടു നല്‍കും. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തര സഹായമായി 25000 രൂപയും അനുവദിച്ചു. ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന ഉമ്മ മറിയത്തിന് 10,000 രൂപയും മന്ത്രി അനുവദിച്ചു.
31 വയസ്സുള്ള അഫ്‌സീദയുടെ രണ്ടാമത്തെ മകനാണ് മുഹമ്മദ് ഹസന്‍. ഒന്നര വയസില്‍ മൂത്രസംബന്ധമായ രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുകയാണ് ഈ കുഞ്ഞ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ താങ്ങാനാവാതെ പുതിയങ്ങാടിയിലെ വീടു വിറ്റ് പഴയങ്ങാടി മുട്ടത്ത് താമസിക്കുകയാണ് അഫ്‌സീദ. ഭര്‍ത്താവിന്റെ കൂലിപ്പണി മാത്രമാണാശ്രയം. പലവിധ അസുഖങ്ങളില്‍ കഷ്ടപ്പെടുന്ന അഫ്‌സീദയുടെ മൂത്ത മകനും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വീട് നല്‍കാമെന്ന് മന്ത്രി നല്‍കിയ ഉറപ്പ് അഫ്‌സീദയ്ക്കു നല്‍കിയ ആശ്വാസം ചെറുതല്ല. മംഗലാപുരത്തെ ചികിത്സ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരനുവദിച്ച ഇരുപത്തയ്യായിരം രൂപയും തല്‍ക്കാലാശ്വാസമായെന്ന് അഫ്‌സീദ പറയുന്നു.

