കോട്ടയം: പാലാ സീറ്റ് തനിക്ക് തന്നെ വേണം എന്ന നിലപാടില്‍ അയവ് വരുത്തി മാണി സി കാപ്പന്‍ എംഎല്‍എ. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടാല്‍ പാലായില്‍ നിന്ന് മാറാന്‍ തയ്യാറാണെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം.
മുന്നണി മാറേണ്ടെന്നും എല്‍ഡിഎഫില്‍ തന്നെ തുടരുവാനും എന്‍സിപി തീരുമാനമെടുത്തിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ഇടതുമുന്നണിയില്‍ത്തന്നെ തുടരുന്നതാണ് പാര്‍ട്ടിയ്ക്ക് ഗുണകരമെന്ന് നേതൃയോഗം വിലയിരുത്തിയതായാണ് വിവരം. ഒരു രാജ്യസഭാ സീറ്റ് കൂടി ലഭിച്ചാല്‍ എന്‍സിപിയ്ക്ക് അത് ദേശീയ തലത്തില്‍ തന്നെ വലിയ നേട്ടമായിരിക്കുമെന്നും അഭിപ്രായമുണ്ടായി. നേരത്തെ ഇടഞ്ഞു നിന്ന പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയതായാണ് സൂചന. എന്‍സിപിയില്‍ നിന്നും ഇടഞ്ഞ് കാപ്പന്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.

