ന്യൂഡല്‍ഹി: രാജ്യത്ത് നാലിലൊരാള്‍ക്ക എന്ന വിധത്തില്‍ കൊവിഡ് ബാധിച്ചെന്ന് ഐ.സി.എം.ആര്‍. 135 കോടി ആളുകളില്‍ 30 കോടിയിലേറെ പേരെ വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നു റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ 1.08 കോടിപ്പേര്‍ക്കു കോവിഡ്-19 ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
ഇതിന്റെ അനവധി മടങ്ങ് ആളുകള്‍ക്കു വൈറസ് ബാധയേറ്റിട്ടുണ്ടാകാമെന്നാണു സിറോളജിക്കല്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയിലെ രണ്ടു കോടിപ്പേരില്‍ പകുതിയിലധികം പേര്‍ക്കു വൈറസ് ബാധിച്ചിരിക്കാമെന്നു മുമ്പു സര്‍ക്കാരിന്റെ മറ്റൊരു പഠനം വിലയിരുത്തിയിരുന്നു. നേരത്തേ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ഐ.സി.എം.ആര്‍. സിറോളജിക്കല്‍ സര്‍വേ നടത്തിയിരുന്നു. രാജ്യത്തു പതിനഞ്ചിലൊരാളുടെ ശരീരത്തില്‍ കോവിഡ്-19 ആന്റിബോഡി സാന്നിധ്യമുണ്ടെന്നായിരുന്നു 10 വയസിനു മുകളിലുള്ള 29,000 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചു നടത്തിയ സര്‍വേയിലെ നിഗമനം. ജനസാന്ദ്രതയേറിയ നഗര ചേരിപ്രദേശങ്ങളില്‍ ആറിലൊരാള്‍ക്കു വൈറസ് ബാധിച്ചിരിക്കാമെന്നും അന്നു കണക്കാക്കിയിരുന്നു.

