തിരുവനന്തപുരം: പാലാ സീറ്റ് തര്‍ക്കം മുറുകവെ മാണി സി കാപ്പനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. അറക്കും മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ല. സീറ്റ് തര്‍ക്കത്തില്‍ അനാവശ്യ വിമര്‍ശനങ്ങളുണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പാലായില്‍ നടന്ന കെഎം മാണി സ്മൃതി സംഗമത്തിലായിരുന്നു വിമര്‍ശനം. ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മാണി സി കാപ്പന്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു.
‘എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച ആരംഭിച്ചിട്ടില്ല. ആരും അറക്കുന്നതിന് മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ എല്‍ഡിഎഫിന് അറിയാം. യുഡിഎഫില്‍നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം’, എംഎം മണി പറഞ്ഞു. പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും മന്ത്രി തുറന്നടിച്ചു.
ജോസ് കെ മാണി വേദിയിലിരിക്കെയായിരുന്നു മന്ത്രിയുടെ പരാമര്‍ശങ്ങള്‍. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തിന് പിന്നാലെയാണ് പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ ഇടച്ചിലിലേക്ക് കടന്നത്. തര്‍ക്കങ്ങളും ചര്‍ച്ചകളും രൂക്ഷമായി തുടരവെയാണ് മന്ത്രിയുടെ പ്രതികരണം.

