വിഷു കിറ്റും വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ 1600 രൂയും വിഷുവിന്‌ മുമ്പ്

‌തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ 1600 രൂപയും വിഷുകിറ്റും വിഷുവിന്‌ മുമ്പ്‌ ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌. എപിഎല്‍ വിഭാഗത്തിന്‌ 15 രൂപ നിരക്കില്‍ 10 കിലോ അരിയും വിഷുവിന്‌ മുമ്പ്‌ ലഭ്യമാക്കും. എല്ലാ സ്‌കീം വര്‍ക്കേഴ്‌സിനും വര്‍ദ്ധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലില്‍തന്നെ നടപ്പാക്കും. എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ബജറ്റ്‌ 2021-22 ഭാവി കേരളത്തിന്‍റെ രൂപരേഖ ചര്‍ച്ചയില്‍ മുഖ്യാവതരണം നടത്തുകയായിരുന്നു ധനമന്ത്രി.

രണ്ടുലക്ഷം പേര്‍ക്ക്‌ കാര്‍ഷിക മേഖലയിലും മൂന്നുലക്ഷം പേര്‍ക്ക്‌ കാര്‍ഷികേതര മേഖലയിലും തൊഴിലുറപ്പാക്കും. ദാരിദ്ര്യം പൂര്‍ണ്ണമായി തുടച്ചുനീക്കാനുളള പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്‌. പട്ടികയിലേക്ക്‌ ഉള്‍പ്പെടുത്തേണ്ട കുടുംബങ്ങളില്‍ നിന്ന്‌ അപേക്ഷ ഉടന്‍ ക്ഷണിക്കും. അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്താന്‍ സര്‍വ്വേയും സംഘടിപ്പിക്കും. അഞ്ചുലക്ഷം കുടുംബങ്ങളെയാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇവരുടെ ഉപജീവനത്തിന്‌ വരുമാനം ഉറപ്പാക്കാന്‍ തൊഴില്‍, അസുഖങ്ങള്‍ക്ക്‌ ചികിത്സ,പാര്‍പ്പിടം, ആവശ്യമെങ്കില്‍ സൗജന്യ ഭക്ഷണം. തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഇക്കാര്യങ്ങള്‍ക്ക്‌ പണം തടസ്സമാവില്ല. കോവിഡിന്‍റെ കെടുതിക്കാലത്ത്‌ ജനതയെ രക്ഷിക്കാനുളള എല്ലാ നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടു. .ഇതിന്‍റെ തുടര്‍ച്ച ഉറപ്പാക്കും.

സാധാരണക്കാരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനനുയോജ്യമായ തൊഴിലവസരം തുറക്കും. പുരുഷന്മാരെ അപേക്ഷിച്ച്‌ നാലിരട്ടിയാണ്‌ സ്‌ത്രീകള്‍ക്കിടയിലെ തൊഴലില്ലായ്‌മ. ഇത്‌ പരിഹരിക്കാന്‍ കൃത്യമായ നടപടി ബജറ്റ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌. അത്‌ നാളത്തെ കേരളത്തിനായിട്ടുളള കര്‍മ്മപരിപാടിയാണ്‌. സര്‍ക്കാര്‍ ജോബ്‌ പോര്‍ട്ടല്‍ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരത്തക്ക വിധത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫെബ്രുവരി ആദ്യവാരം രജിസ്‌ട്രേഷന്‍ തുടങ്ങും. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുതിയ കാല്‍വയ്‌പ്പുകളും ബജറ്റിലൂടെ നടത്തുകയാണെന്നും, എല്ലാ പരിമിതികള്‍ക്കും ഉളളില്‍ നിന്ന്‌ കേരളത്തിന്‍റെ വികസന പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →