അമേരിക്ക: രോഗികളുടെ ഇമ്യൂണോ തെറാപ്പി സംബന്ധമായ പരിമിതികളെ ജനിതക പരിവര്‍ത്തനം നടത്തിയ ബാക്ടീരിയായിലൂടെ മറികടക്കാമെന്ന കണ്ടെത്തലുമായി അമേരിക്കയിലെ മിസൗറി സര്‍വ്വ കലാശാലയിലെ ബയോളജി സയന്‍സ് ഡിവിഷന് അസിസ്റ്റന്റ് പ്രൊഫസര്‍ വെസ് ചാബു. അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ സഹായിക്കാന്‍ 50 വര്‍ഷത്തിലേറെ പഴക്കമുളള ഒരു ബാക്ടീരിയക്ക് സാധിക്കുമെന്ന് ഇദ്ദേഹം കണ്ടെത്തി. സാധാരണ ഗതിയില്‍ നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന പുറമേ നിന്നുളള വസ്തുക്കളെ നമ്മുടെ പ്രതിരോധ സംവിധാനം തന്നെ കണ്ടെത്തി നശിപ്പിക്കാറുണ്ട്. എന്നാല്‍ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് ശരീരത്തില്‍ അനിയന്ത്രിതമായി വളര്‍ന്ന മുഴകളായി മാറാന്‍ അര്‍ബുദ കോശങ്ങള്‍ക്ക് സാധിക്കുന്നു. സാധാരണ കോശങ്ങള്‍ തങ്ങളെ നശിപ്പിക്കരുതെന്ന സന്ദേശം തന്മാത്രകള് വഴി പ്രതിരോധ കോശങ്ങള്‍ക്ക് നല്‍കാറുണ്ട്. സാധാരണ കോശങ്ങളെ അനുകരിച്ച് ഇത്തരം സന്ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് അര്‍ബുദ കോശങ്ങള്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് അര്‍ബുദ കോശങ്ങളെ തടയുകയാണ് ഇമ്മ്യോണോ തെറാപ്പി മരുന്നുകള്‍ ചെയ്യുന്നത്.
എന്നാല്‍ പ്രോസ്റ്റേറ്റ് അര്‍ബുദം പോലെ ചില അര്‍ബുദങ്ങളില്‍ ഇമ്മ്യൂണോ തെറാപ്പി ഫലം ചെയ്യില്ല. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കീഴ്പ്പെടുത്താന്‍ ഇത്തരം അര്‍ബുദ കോശങ്ങള്‍ക്കാകും. ഇതിനൊരു പരിഹാരമാണ് 50 വര്‍ഷം പഴക്കമുളള ബാക്ടീരിയ വകഭേതത്തിലൂടെ ചാബു മുന്നോട്ടുവയ്ക്കുന്നത്. അര്‍ബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ അരനൂറ്റാണ്ടിലേറെ സാധാരണ താപനിലയില്‍ സൂക്ഷിച്ചിരുന്ന സാല്മോണെല്ലാ ബാക്ടീരിയയുടെ വിഷമയമല്ലാത്ത വകഭേതമായ CRC2631കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേയും മിസൗറി സര്‍വകലാശാലയിലേയും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരുന്നു. CRC2631ഉപയോഗിച്ച് ശരീരത്തിന്റ പ്രതിരോധ സംവിധാനത്തെ പ്രോസ്റ്റേ്റ്റ് ക്യാന്സറിനെതിരെയും തിരിച്ചുവിടാനാവുമെന്ന് ചാബു ചൂണ്ടിക്കാണിക്കുന്നു.
സാധാരണയായി പുരുഷന്മാരില് കണ്ടുവരുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. 65ന് മുകളില്‍ പ്രായമുളള പുരുഷന്മാരിലാണ് 60 ശതമാനം പ്രോസ്റ്റേറ്റ് ക്യാന്‍സറുകളും റിപ്പോട്ട് ചെയ്തിട്ടുളളത്.

