ന്യൂഡല്‍ഹി: നക്സല്‍ ബാധിത പ്രദേശങ്ങളില്‍ അത്യാധുനിക ഡ്രോണുകള്‍ വിന്യസിക്കാന്‍ സിആര്‍പിഎഫ് തീരുമാനം. കൂടുതല്‍ സമയം പറക്കാന്‍ കഴിയുന്നതും ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ കഴിയുന്നതുമായ ഡ്രോണുകളാണ് വിന്യസിക്കുക. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഛത്തീസ്ഗഡിലെ സുക്മ, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങിയ റെഡ് സോണ്‍ പ്രദേശങ്ങളില്‍ 14 പുതിയ ഡ്രോണുകള്‍ എത്തിക്കുമെന്നും സിആര്‍പിഫ് അറിയിച്ചു.മൈക്രോ യുഎവി എ410 എന്ന ഡ്രോണാണ് വിന്യസിക്കുന്നത്. ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ ഡിജിറ്റല്‍ എന്‍ക്രിപ്റ്റ് ചെയ്ത കമ്മ്യൂണിക്കേഷന്‍ ലിങ്ക് ഉപയോഗിച്ച് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഡ്രോണുകളാണിത്. ഇവയ്ക്ക് അഞ്ച് കിലോമീറ്റര്‍ പറക്കല്‍ ശേഷിയും ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനുള്ള സാങ്കേതികതയും ഉണ്ട്. നിലവില്‍ ഉപയോഗിക്കുന്ന ഡ്രോണുകളുടെ പറക്കല്‍ പരിധി നാല് കിലോമീറ്റര്‍ മാത്രമാണ്.
ഇനി അത്യാധുനിക ഡ്രോണുകള്‍ നിരീക്ഷിക്കും: നക്സല്‍ ബാധിത പ്രദേശങ്ങളില്‍ പുതിയ നീക്കവുമായി സിആര്‍പിഎഫ്
