ത്രിപുരയില്‍ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ആക്രമിക്കാന്‍ ശ്രമം

അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനായി അഗര്‍ത്തലയില്‍നിന്ന് 20 കിലോമീറ്റല്‍ അകലെയുള്ള ബിശാല്‍ഗഡിലേക്ക് പോവുംവഴിയാണ് ആക്രമികള്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വവും പിജുഷും ആരോപിച്ചു.

അക്രമം നടക്കുന്ന സ്ഥലത്ത് പോലിസുണ്ടായിട്ടും ഇടപെട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആക്രമണത്തില്‍ പരിക്കേറ്റ പിജുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. കാറില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ചില്ലുകള്‍ സീറ്റില്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പിജുഷ് പോലിസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ രാഷ്ട്രിയ എതിരാളികളാണോയെന്ന് പോലിസ് വെളിപ്പെടുത്തിയിട്ടില്ല.

2019 ഡിസംബറിലാണ് പിജുഷ് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് വരുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിവന്നിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →