വീട്ടിലെ ശുചി മുറിക്കുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: വീട്ടിലെ ശുചി മുറിക്കുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. നടുവില്‍ പുല്ലന്‍വനത്തെ കണ്ണാ മനോജിന്റെ ഭാര്യ സജിത (34), മകള്‍ നന്ദൂട്ടി (8) എന്നിവരെയാണ് വീട്ടിലെ കുളിമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ മനോജിനെ (36) പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ മൊഴിയെടുത്തു.

16-1-2021 ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലോസറ്റില്‍ ചാരി ഇരിക്കുന്ന നിലയിലായിരുന്നു നന്ദൂട്ടി. ഷവറില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സജിതയെ കണ്ടെത്തിയത്.

നന്ദൂട്ടിയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് ചുറ്റിയിട്ടുണ്ട്. കുളിമുറിയില്‍ കാലുകള്‍ നിലത്തു മുട്ടുന്ന വിധമാണ് സജിതയുടെ മൃതദേഹം ഉള്ളത്.

നാട്ടുകാരെ വിവരം അറിയിച്ചത് മനോജാണ് . തുടര്‍ന്ന് കുടിയാന്മല പൊലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനുള്ളില്‍ നിന്ന് സജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു മകന്‍ ദമ്പതികൾക്കുണ്ട്. സജിതയും മനോജും തമ്മില്‍ കുടുംബ കലഹമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →