കണ്ണൂര്‍: സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പ് നടത്തി വന്ന 52 കാരന് പോലീസിന്റെ പിടിയിൽ. എറണാകുളം പറവൂര്‍ സ്വദേശി എം.പി. ശ്രീജനെയാണ് പഴയങ്ങാടി എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റാണെന്നും ബിരുദധാരിയാണെന്നും
വിവരങ്ങൾ നൽകി ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോകളില്‍ രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ഇതുവഴി വരുന്ന വിവാഹ ആലോചനകൾ തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു പതിവ്. പഴയങ്ങാടിയിൽ ഒരു സ്ത്രീയോടൊന്നിച്ച് താമസിച്ചു വരുന്നതിനിടെ മറ്റൊരു വിവാഹബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് തട്ടിപ്പിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്. മലപ്പുറത്തായിരുന്ന പ്രതിയെ തന്ത്രപൂര്‍വം കണ്ണൂരിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

