ന്യൂയോര്‍ക്ക്: വിഷാദരോഗത്തിന് മാജിക് കൂണ് ഉപയോഗിച്ച് സ്വയം ചികിത്സ നടത്തിയ യുവാവ് അത്യാസന്ന നിലയില്‍. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ ഡിപ്രഷന് രോഗികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് വായിച്ച യുവാവ്, മാജിക് മഷ്റൂം ഇട്ട് തിളപ്പിച്ച വെള്ളം സിറിഞ്ചിലാക്കി കുത്തിവെക്കുകയായിരുന്നു. മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ ഡിപ്രഷന് ചികിത്സയ്ക്ക് ഉപയോഗിക്കുമെങ്കിലും ശരീരത്തില്‍ കുത്തിവെക്കരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.
കുത്തിവെപ്പ് നടത്തി ദിവസങ്ങള്‍ കഴിഞ്ഞതോടെ കടുത്ത ക്ഷീണം അനുഭവപ്പെട്ട യുവാവ് രക്തം ഛര്ദിക്കാന് തുടങ്ങി. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വയറിളക്കവും മഞ്ഞപ്പിത്തവും ബാധിച്ച നിലയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മാജിക് മഷ്റൂം ചികിത്സയാണ് വിനയായതെന്ന് മനസ്സിലായത്.
പരിശോധനയില്‍ മഷ്റൂമിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ കരളിന്റേയും കിഡ്നിയുടേയും പ്രവര്‍ത്തനം തകരാറിലായി. ശരീരത്തിലെ മറ്റ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകര്‍ന്നു. ശ്വാസ തടസ്സം അനുഭവിച്ചതിനെ തുടര്‍ന്ന് യുവാവിനെ വെന്റിലേറ്ററില്‍ പ്രേവശിപ്പിച്ചു. കൂടാതെ, രക്തത്തില്‍ നിന്നും വിഷവസ്തു നീക്കം ചെയ്യുകയും ചെയ്തു. ഇരുപത്തിരണ്ട് ദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞത്.

