പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 26 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. കേസ് അന്വേഷിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷിക്കുന്നതുവരെ അട്ടപ്പള്ളത്ത് അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തെരുവില്‍ കിടന്ന് മരിക്കുമെന്നും പറഞ്ഞു. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതിതന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്.
സമര പ്രഖ്യാപന സമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി വി.സി. കബീര്‍ മുഖ്യപ്രഭാഷണം നടത്തി. നീതി സമരസമിതി പ്രസിഡന്റ് വിളയോടി വേണുഗോപാല്‍ സമര പ്രഖ്യാപനം നടത്തി. രക്ഷാധികാരി സി.ആര്‍. നീലകണ്ഠന്‍, പ്രവീണിന്റെ അമ്മ എലിസബത്ത് റാണി, വി.എം. മാര്‍സന്‍, വി.എസ്. രാധാകൃഷ്ണന്‍, സജി കൊല്ലം, അഡ്വ. ജലജ മാധവന്‍, സലീന പ്രാക്കാനം, മാരിയപ്പന്‍ നീലിപ്പാറ, ബാലമുരളി എന്നിവർ പങ്കെടുത്തു.