വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്; നിലവിലുള്ള പാസ് ഉപയോഗിക്കാം

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള പാസ്സില്‍ ബസ്സുകളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കി. ഈ അധ്യയന വര്‍ഷത്തേക്കുള്ള കണ്‍സെഷന്‍ കാര്‍ഡുകള്‍ എത്രയും വേഗം തയ്യാറാക്കി വിതരണം ചെയ്യാനും ആര്‍ടിഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പുതിയ പാസ് ലഭിക്കുന്നതു വരെ നിലവിലുള്ള പാസ്സില്‍ യാത്രാ ഇളവ് അനുവദിക്കണം.

കണ്‍സഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈപ്പറ്റണം. ഇതിനായി സ്ഥാപന തലവന്‍ മുഖേന ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒയ്ക്ക് കത്ത് നല്‍കണം. കഴിഞ്ഞ വര്‍ഷത്തെ സോഫ്റ്റ്വെയര്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കാം. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി കണ്‍സെഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്തെടുത്ത ശേഷം അവ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒ ഓഫീസര്‍ക്ക് പരിശോധനയ്ക്കായി നല്‍കണം. ഓഫീസിലെത്തി പാസുകള്‍ പരിശോധിക്കാന്‍  അംഗീകൃത ബസ്സുടമ സംഘടനാ പ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കും. കോഴ്സ് കാലാവധി ഉള്‍പ്പെടെ രേഖപ്പെടുത്തിയ പാസ്സുകള്‍ ആര്‍ടിഒ/ ജോയിന്റ് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →