ദോഹ: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെ ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസുകള്‍ക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. വ്യോമാതിര്‍ത്തി തുറന്നതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന് വ്യേമായാനമന്ത്രാലയം അധികൃതരും പറയുന്നു. മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് ഈജിപ്ത് വ്യോമയാന മേഖല ഖത്തറിനായി തുറന്നിരിക്കുന്നത്. ഖത്തറുമായുള്ള എല്ലാ ഗതാഗതവും സൗദി ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സും സൗദിയയും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനസര്‍വീസുകള്‍ തുടങ്ങിക്കഴിഞ്ഞു.