കരാറുകാരന്റെ ദുരിതം മനസിലാക്കിയ യുഎഇ സ്വദേശി പരാതി പിന്‍വലിച്ചു

അബുദാബി: ഒരുലക്ഷം ദിര്‍ഹം അപഹരിച്ചതിന്‌ കോണ്‍ട്രക്ടര്‍ക്കെതിരെ പരാതി നല്‍കിയ യുഎഇ സ്വദേശി കോടതിയില്‍ വെച്ച്‌ തന്റെ പരാതി പിന്‍വലിച്ചു. യുഎഇക്കാരന്റെ വീട്‌ നിര്‍മ്മിക്കാന്‍ കരാറെടുത്ത വ്യക്തി അഡ്വാന്‍സ്‌ തുക കൈപ്പറ്റിയിരുന്നു. തുടര്‍ന്ന വീടിന്റെ ഫൗണ്ടേഷന്‍ ജോലികള്‍ തുടങ്ങിവയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ തുടര്‍ന്ന്‌ പണി മുന്നോട്ടുപോയില്ല. കരാറുകാരന്റെ സാമ്പത്തീക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ വീട്ടുടമ കരാറുകാരന്‌ പണി തുടരാനായി ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക്‌ നല്‍കി .

എന്നാല്‍ പറഞ്ഞ സമയത്ത്‌ പണിപൂര്‍ത്തിയാക്കാതെ വന്നതോടെ വീട്ടുടമ പരാതിയുമായി അബുദാബി പോലീസിനെ സമീപിച്ചു. കരാറുകാരന്റെ ചെക്ക്‌ പണമില്ലാതെ മടങ്ങിയതിനും, പരാതി നല്‍കി. ഒത്തുതീര്‍പ്പിന്‌ ശ്രമിച്ച്‌ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ കേസ്‌ കോടതിയിലേക്ക്‌ മാറ്റി.

കേസ്‌ വിചാരണക്കിടയില്‍ നാട്ടില്‍ ഗുരുതരമായ രോഗം ബാധിച്ച തന്റെ അമ്മയുടെ ചികിത്സക്കായി പണം ഉപയോഗിച്ചെന്നും അമ്മയുടെ നില ഗുരുതരമായിരുന്നുവെന്നും എന്നാല്‍ തന്റെ കൈവശം പണമില്ലാതിരുന്നതിനാല്‍ ഈ പണം ഉപയോഗിച്ച്‌ ആശുപത്രി ബില്ല്‌ അടക്കുകയായിരുന്നെന്നും കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ വീട്ടുടമയെ കബളിപ്പിച്ച്‌ കടന്നുകളുയുക എന്ന ഉദ്ദേശം തനിക്കില്ലായിരുന്നുവെന്നും കരാറുകാരന്‍ കോടതിയില്‍ പറഞ്ഞു. അതേതുടര്‍ന്ന്‌ കരാറുകാരന്റെ ദുരിതം മനസിലാക്കിയ വീട്ടുടമ അയാള്‍ക്കെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെയുളള ക്രിമിനല്‍ ചാര്‍ജുകള്‍ കോടതി ഒഴിവാക്കി നല്‍കുകയും ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →