ന്യൂഡൽഹി: പക്ഷിപ്പനി ബാധ പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം പടർന്നുപിടിക്കുന്നതിന്റെ അവസ്ഥ മനസിലാക്കുന്നതിനും രോഗ നിയന്ത്രണ നടപടികൾ നിർദ്ദേശിക്കുന്നതിനും കേന്ദ്ര സർക്കാർ യോഗം ചേർന്നു. വനപ്രദേശങ്ങളിലെ പക്ഷികളുടെ ചലനവും അസാധാരണമായ മരണവും നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് റെഡ് അലർട്ട് പുറപ്പെടുവിക്കുകയും കർശനമായ ജാഗ്രത പാലിക്കാൻ ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞു.
“കേരളം, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി നൂറുകണക്കിന് പക്ഷികളുടെ മരണത്തിന് കാരണമായതിനാൽ ഞങ്ങൾ ജാഗരൂകരാണ്. താനെയിൽ 10-12 പക്ഷികൾ ചത്തിട്ടുണ്ട്,”
മഹാരാഷ്ട്ര മൃഗസംരക്ഷണ മന്ത്രി സുനിൽ കേദാർ പറഞ്ഞു .
ഉത്തരാഖണ്ഡ് മൃഗസംരക്ഷണ വകുപ്പും കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാരും ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ദുരിതബാധിത സംസ്ഥാനങ്ങളായ കേരളം, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനത്തിനും എപ്പിഡെമോളജിക്കൽ അന്വേഷണത്തിനും രണ്ട് കേന്ദ്ര ടീമുകളെ കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ട്.

