കോഴിക്കോട്: ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ കടന്നുകയറുന്നത് തടയാനുളള കേന്ദ്ര ഫണ്ടില്‍ കേരളം ചെലവഴിച്ചത് പകുതി മാത്രം. 2014 മുതല്‍ 2020 വരെ കേന്ദ്രം അനുവദിച്ചത് 62.89 കോടി രൂപയാണ്. ആ തുകയില്‍ 32.74 കോടി രൂപ മാത്രമാണ് കേരളം ചെലവഴിച്ചത്. അതായത് കേരളം നഷ്ട്‌പ്പെടുത്തിയത് 30.15 കോടി രൂപ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് വിവരാവകാശ പ്രവര്‍ത്തകനായ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ തുക ലഭിക്കുന്നതുകൊണ്ടാണ് ചെലവാക്കാന്‍ കഴിയാതെ പോകുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. വിവിധ പദ്ധതികളില്‍ 60 ശതമാനം തുകയാണ് കേന്ദ്രം നല്‍കുന്നത്. 40 ശതമാനം സംസ്ഥാനം കണ്ടെത്തണം. ആദ്യഘട്ട തുക ലഭിക്കുമ്പോഴേക്കും സാമ്പത്തിക വര്‍ഷം അവസാനിക്കാറാവും. സംസ്ഥാന വിഹിതമായ 40 ശതമാനം ഉപയോഗിച്ചാണ് പണികള്‍ പൂര്‍ത്തിയാക്കുകയെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. നടപ്പ് സാമ്പത്തിക വഷര്‍ം 380 ലക്ഷം രൂപ നല്‍കിയതിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയിട്ടില്ല.
വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലി, റെയില്‍ വേലി, കിടങ്ങുകള്‍ എന്നിവ ഉപയോഗിച്ച് വേര്‍തിരിക്കുന്നതിനും വന്യ മൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനുമാണ് ഈ ഫണ്ട് പ്രധാനമായും വിനിയോഗിക്കേണ്ടതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വനത്തിനുളളില്‍ മൃഗങ്ങള്‍ക്ക് തീറ്റയും വെളളവും ലഭ്യമാക്കാന്‍ വേണ്ട പദ്ധതികളും നടപ്പാക്കണം.
2014-15 കാലഘട്ടത്തില്‍ 818.49 ലക്ഷം രൂപ കേന്ദ്രം നല്‍കിയതില്‍ ചെലവാക്കിയത് 375.39 ലക്ഷം രൂപമാത്രമാണ്. 2015-16ല്‍ 967.38 ലക്ഷം രൂപയില്‍ 456.36 ലക്ഷം രൂപയും, 2016-17 വര്‍ഷത്തില്‍ 1928.42 കോടിയില്‍ 584.50 കോടിയും, 2017-18ല്‍ 900.83 കോടിയില്‍ 595.18 കോടിയും, 2018-19ല്‍ 1293.40 കോടിയില്‍ 688.15 കോടിയും , 2019-20ല്‍ 845.02 കോടിയില്‍ 575.08 കോടിരൂപയും മാത്രമാണ് ചെലവാക്കിയിരിക്കുന്നത്. 2020-21 ല്‍ 380.65 കോടി രൂപ നല്‍കിയിട്ടുണ്ട് എന്നാല്‍ ചെലവാക്കിയ കണക്ക് ലഭ്യമായിട്ടില്ല.

