പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത.ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.
ഇറച്ചി, മുട്ട എന്നിവ കഴിക്കുമ്പോള്‍
ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കി മാത്രം ഭക്ഷിക്കുക.ഹോട്ടലുകളില്‍ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.മുട്ട പുഴുങ്ങി കഴിക്കുമ്പോള്‍ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി ഉറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്. ബുള്‍സ് ഐ പോലെ പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)
പക്ഷിപ്പനി-വസ്തുതകള്‍
ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണം.
പക്ഷികളില്‍ സാധാരണ കണ്ടുവരുന്നതാണിത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് മനുഷ്യരിലേക്ക് പകരാം.പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീരദ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് പകരുന്നത്.
സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്. മരണവും സംഭവിക്കാം.ഗര്‍ഭിണിക്ക് രോഗബാധയുണ്ടായാല്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കും. വൈകല്യങ്ങളുമുണ്ടാകാം.
മനുഷ്യരിലേക്ക് പക്ഷിപ്പനി പകരാതെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാം
- പക്ഷിപ്പനിയുടണ്ടെന്ന് തോന്നുന്ന പക്ഷികളില്‍ നിന്നും കുറഞ്ഞത് ആറ് അടിയെങ്കിലും അകലം പാലിക്കുക
- ഇറച്ചി, മുട്ട എന്നിവ 70 ഡിഗ്രി സെന്റിഗ്രേഡിലെങ്കിലും ചൂടാക്കി വേണം കഴിക്കേണ്ടത്. നല്ലതുപോലെ തിളച്ചതിന് ശേഷമോ കുക്കറില്‍ വേവിച്ചതിന് ശേഷമോ ഇറച്ചി പാകം ചെയ്താല്‍ പക്ഷിപ്പനിയെ പ്രതിരോധിക്കാം.
- രോഗ ബാധയുളള പക്ഷികളെ കത്തിക്കുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ആണ് ചെയ്യേണ്ടത്.
- പക്ഷികള്‍ രോഗം വന്ന് കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വെറ്റിനറി ജീവനക്കാരെയും ആരോഗ്യ പ്രവര്‍ത്തകരേയും വിവരം അറിയിക്കണം.
- ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങള്‍
സാധാരണ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാന്‍ ഈ വൈറസുകള്‍ ഇടയാക്കും.
ചികിത്സ
രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസല്‍ട്ടാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നല്‍കുന്നത്. ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാന്‍ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. സാധാരണ ഇന്‍ഫ്ളുവന്‍സയ്ക്ക് ഉപയോഗിക്കുന്ന വാക്സിന്‍ എച്ച്5എന്‍1 ന് പ്രതിരോധം നല്‍കില്ല.