തിരുവനന്തപുരം: പാലാ സീറ്റിൻ്റെ പേരിൽ എൽ ഡി എഫ് നേതൃത്വത്തിനും എൻ സി പി ക്കുമിടയിലുണ്ടായ തർക്കങ്ങൾക്കിടെ പാർടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക് വരുന്നു. മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങൾ പവാറിൻ്റെ സന്ദർശനത്തിനിടെ ചർച്ചയാകും എന്നാണ് സൂചന.
എന്‍.സി.പിയുടെ സീറ്റുകള്‍ വിട്ടു തരില്ലെന്ന് എല്‍.ഡി.എഫ് പറഞ്ഞാല്‍ മുന്നണിമാറ്റം തീരുമാനിക്കുമെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു കൊടുക്കുന്നതില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ എല്‍.ഡി.എഫ് വലിയ വിജയമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്. ‘ സിറ്റിംഗ് സീറ്റുകള്‍ ആര്‍ക്കും കൊടുക്കുന്ന ശീലം എല്‍.ഡി.എഫിനകത്തില്ല. സിറ്റിംഗ് സീറ്റുകള്‍ എന്നും അതാത് പാര്‍ട്ടിക്കുള്ളതാണ്. എത്ര അഭിപ്രായ വ്യത്യാസമുണ്ടായാലും ശശീന്ദ്രന് പാര്‍ട്ടിയെടുക്കുന്ന തീരുമാനത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നാല് സീറ്റുകളില്‍ എന്‍.സി.പി തുടര്‍ന്നും മത്സരിക്കുമെന്നും 53 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത പാലാ വിട്ടുകൊടുക്കേണ്ടതില്ലെന്നുമാണ് മാണി സി. കാപ്പന്റെ പ്രതികരണം. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച(07/01/21) രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
മുന്നണി മാറ്റത്തെക്കുറിച്ച് ഇതുവരെ ഒന്നും ആലോചിച്ചിട്ടില്ല. എന്നാല്‍ വ്യക്തമായി തരില്ല എന്നാണ് പറയുന്നതെങ്കില്‍ അപ്പോള്‍ തീരുമാനിക്കുമെന്നും കാപ്പന് പറഞ്ഞു.
എന്‍.സി.പിക്കകത്ത് തന്നെ മുന്നണിമാറ്റത്തെ സംബന്ധിച്ച് രണ്ട് വിഭാഗങ്ങളില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച(06/01/21) എ. കെ. ശശീന്ദ്രന് ശരദ് പവാറിനെ കാണാന്‍ മുംബൈയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാണി സി. കാപ്പനും ടി. പി പീതാംബരന്മാസ്റ്ററും അദ്ദേഹത്തെ കണ്ടത്.
കേരളത്തിലെത്തുമ്പോൾ കേരള കാര്യങ്ങളുടെ ചുമതലയുള്ള പ്രഫുൽ പട്ടേലും പവാറിനൊപ്പം ഉണ്ടാകും എന്നാണ് സൂചന. മുന്നണി മാറുന്ന സാഹചര്യമുണ്ടായാൽ ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗത്തെയും തളളി എ.കെ.ശശീന്ദ്രൻ നിലപാടെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ എൻ സി പി കേരളത്തിൽ രണ്ടായി പിളരും.
എന്നാൽ എൻ സി പി യിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് അറിഞ്ഞ ഭാവം നടിക്കാത്ത നിലപാടാണ് സി പി എം സ്വീകരിക്കുന്നത്. പോകുന്നവർക്ക് പോകാം എന്ന സി പി എം നിലപാട് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പീതാംബരൻ മാസ്റ്ററെ പോലുള്ള ഒരു മുതർന്ന നേതാവ് പോലും കടുത്ത ഭാഷയിൽ സംസാരിച്ചു തുടങ്ങിയത് എന്നു വ്യക്തം.

