തിരുവനന്തപുരം: ഇന്ന് പേയാടുള്ള വീട്ടിൽ കുടുംബത്തോടൊപ്പം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് .
2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് നടന്ന കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇത്രയും നാള്‍ മലയാള സിനിമയ്ക്ക് നഷ്ടമായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട താരം
ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സിന്റെ ബാനറില്‍ മകന്‍ രാജ് കുമാര്‍ ഒരുക്കുന്ന സിനിമയിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലെത്തുക. ജഗതിയുടെ ആരോഗ്യസ്ഥിതിക്കു യോജിച്ച രീതിയിലുള്ള കഥാപാത്രമാണ് നല്‍കുക.
മറ്റ് ചില ചിത്രങ്ങളിലെ വേഷങ്ങളും തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
കഴിഞ്ഞ ഓണത്തിന് അദ്ദേഹം സദ്യ ഉണ്ണുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഭാര്യ ശോഭയാണ് അദ്ദേഹത്തിന് ഇലയില്‍ വിളമ്പിയ സദ്യ വായില്‍ വച്ചുകൊടുത്തത്.
1956ല്‍ അച്ഛന്‍ ജഗതി എന്‍.കെ ആചാരി എഴുതി സംവിധാനം ചെയ്ത ‘അച്ഛനും മകനും’ എന്ന സിനിമയില്‍ ബാലതാരമായിട്ടായിരുന്നു ജഗതി ശ്രീകുമാറിന്റെ തുടക്കം. എന്നും ചിരിക്കാന്‍ കഴിയുന്ന ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങള്‍ ജഗതിയുടേതായിട്ടുണ്ട്.
ഒരു സാമ്പിൾ ഡയലോഗ്…
”അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളര്‍ന്ന് രക്തം കുടിച്ചു ദുര്യോധനന്‍. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ ആ കല്‍വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു, ‘ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട് … (ചിത്രം ബോയിംഗ് ബോയിംഗ്)