കൊച്ചി: ദൃശ്യം രണ്ട് എന്ന മോഹന്‍ലാല്‍ സിനിമ ഓണ്‍ ലൈനിലൂടെ റിലീസ് ചെയ്യുന്നതിനുളള നിര്‍മ്മാതാവ് ആന്റ ണി പെരുമ്പാവൂരിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്ത്. തീയേറ്റര്‍ ഉടമകള്‍ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കും വന്‍ നഷ്ടം വരുത്തുമെന്നുളളതാണ് കാരണമായി പറയുന്നത്.
അതേസമയം കുഞ്ഞാലി മരക്കാര്‍ എന്ന തന്റെ സിനിമക്കുവേണ്ടിയാണ് ദൃശ്യം 2 ആമസോണിലൂടെ ഒടിടി റിലീസ് ആയി എത്തുന്നതെന്നാണ് ആന്റണി പ്രതികരിച്ചത്. 15 കോടിയോളം ചെലവഴിച്ച ദൃശ്യം രണ്ടാം ഭാഗത്തിന് ഏത്ര രൂപ കിട്ടിയെന്ന് ആന്റണി വെളിപ്പെടുത്തിയില്ല. തീയേറ്ററിലൂടെ ലഭിച്ചേക്കാവുന്നത്ര രൂപ ഒടിടിയിലൂടെയും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന . ആദ്യ സിനിമയായ ദൃശ്യം 75 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ഇത്രയുംതുക ആമസോണില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോടികളുടെ നേട്ടമുണ്ടാക്കിയതുകൊണ്ടാണ് ആന്റണി ദൃശ്യം 2 തീയേറ്ററുകളില്‍ കാണിക്കാന്‍ താല്പ്പര്യപ്പെടാതിരുന്നതും. ഇതുകൊണ്ടാണ് സിനിമാ മേഖലയില്‍ നിന്നും എതിര്പ്പുകളുയര്ന്നതും. 110 കോടി രൂപയിലധികം മുതല്‍ മുടക്കുളള മരക്കാറിനും ഒടിടി ഓഫര്‍ ലഭിച്ചിരുന്നതായി നേരത്തേ ആന്റണി വെളിപ്പെടുത്തിയിരുന്നു. മുടക്കുമുതല്‍ കൂടാതെ ലാഭവും വാഗ്ധാനം ചെയ്തിരുന്നെങ്കിലും സിനിമാ കൈമാറിയില്ലെന്നാണ് ആന്റണി പറയുന്നത്. അതായത് 150 കോടിയോളം മരക്കാറിന് വാഗ്ദാനമായി ലഭിച്ചിരുന്നതാണ്. ഇത്രയും തുക ലഭിച്ചിട്ടും തീയേറ്ററില്‍ സിനിമാ കാണിക്കാനുളള താല്പര്യത്തില് ഒടിടി റിലീസ് ഒഴിവാക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഒടിടി റിലീസാണെങ്കിലും കോടികളുടെ ലാഭം നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നുണ്ട്. തീയേറ്ററിലെ സമ്മര്‍ദ്ദമില്ലാതെ ലാഭം കീശയിലെത്തുകയും ചെയ്യും. തീയേറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകിയാല്‍ കൂടുതല്‍ സിനിമകള്‍ ഒടിടിയില്‍ എത്താന്‍ സാധ്യതയുണ്ട്.

