ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യു.എസിലേക്ക് നാടുകടത്തണമെന്ന ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാന്‍ജിനെ വിചാരണ നേരിടാന്‍ യു.എസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അസാന്‍ജിന്റെ മാനസികാരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് യു.എസിന് കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.175 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് യു.എസില്‍ അസാന്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. 17 ചാരവൃത്തി കേസുകള്‍, കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത കേസ് എന്നിവ ആസ്‌ട്രേലിയന്‍ സ്വദേശിയായ അസാന്‍ജിനെതിരെയുണ്ട്.
കോടതിയുടെ തീരുമാനത്തെ ചോദ്യംചെയ്യാനാണ് യു.എസ് തീരുമാനം. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാന്‍ജ് ശ്രദ്ധേയനായത്.