അനധികൃത സ്വത്ത്: റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെ ഓഫീസില്‍ എത്തി ചോദ്യം ചെയ്തു. എട്ടുമണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍, വാദ്രയുടെ മൊഴി രേഖപ്പെടുത്തി.

ലണ്ടനില്‍ കോടിക്കണക്കിന് മൂല്യംവരുന്ന വസ്തുവകകള്‍ ഉണ്ടെന്ന കേസില്‍ വാദ്രയ്ക്കെതിരെ നിലവില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2018ലാണ് വാദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കേസ് രജിസ്റ്റര്‍ ചെയ്തത്. പലവട്ടം വാദ്രയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അതേസമയം കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് വാദ്രയുടെ വാദം. നേരത്തെ അറസ്റ്റിലായ പ്രവാസി വ്യവസായി സി.സി.തമ്പിയും വാദ്രയുടെ അടുപ്പക്കാരുമായി നടത്തിയ ഇടപാടുകളുടെ കൂടുതല്‍ തെളിവ് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. വാദ്രയുടെ കമ്പനിയില്‍ ഡയറക്ടറായിരുന്ന ഹര്‍ബന്‍സ് ലാലും സഹായി മഹേഷ് നാഗറുമായും സി.സി.തമ്പി നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിക്കുകയുമുണ്ടായി.റോബര്‍ട് ഹോളിഡേ ഗ്രൂപ്പ് ഉടമ സി.സി.തമ്പിയുമായുള്ള ബന്ധം 2005 മുതലുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →