ന്യൂഡല്‍ഹി: ക്ലിനിക്കല്‍ പരീക്ഷണ ഫലങ്ങള്‍ സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടില്ലാതെ ഇന്ത്യയുടെ തദ്ദേശിയ വാക്‌സിനായ ഭാരത് ബയോടെകിന് ഉപാധികളോടെ അനുമതി നല്‍കിയതിനെതിരെ സര്‍ക്കാരിനെതിരേ വ്യാപക വിമര്‍ശനം. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഇടത് നേതാക്കളും മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ രംഗത്തെത്തി.നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം,” തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം, ഉപാധികളോടെയാണ് കൊവിഷീല്‍ഡിനും കൊവാക്സിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡ്രഗ്‌സ് കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്.രണ്ട് കമ്പനികളും തങ്ങളുടെ ട്രയല്‍ റണ്‍സിന്റെ ഡാറ്റ സമര്‍പ്പിച്ചതായും ”നിയന്ത്രിത ഉപയോഗത്തിന്” അനുമതി നല്‍കിയിട്ടുണ്ടെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വിജി സോമാനി പറഞ്ഞു. ”ചെറിയ തോതിലെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വാക്‌സിനുകള്‍ 110% സുരക്ഷിതമാണ്. നേരിയ പനി, വേദന, അലര്‍ജി തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ എല്ലാ വാക്‌സിനും സാധാരണമാണ്,” വാക്‌സിനുകള്‍ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി സോമാനി പറഞ്ഞു.
അതിനിടെ, കോവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇതിന് അനുമതി നല്‍കിയതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഗുലേറിയയുടെ പ്രസ്താവന.ഇപ്പോള്‍ ആദ്യത്തെ ഏതാനും ആഴ്ചകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരിക്കും വിതരണം ചെയ്യുക. നിലവില്‍ കോവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. വാക്‌സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുക, ഡോ. ഗുലേറിയ പറഞ്ഞു.

