ലോകത്തെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) അന്താരാഷ്ട്ര ജൂറിയെ പ്രഖ്യാപിച്ചു. പാബ്ലോ സെസര്‍ ചെയര്‍മാനായ ജൂറിയില്‍, പ്രസന്ന വിധാനേജ്, അബുബക്കര്‍ ഷാകി, പ്രിയദര്‍ശന്‍, റുബായത്ത് ഹൊസൈന്‍ എന്നിവരാണുള്ളത്.
പാബ്ലോ സെസര്‍ ഒരു അര്‍ജന്റീനിയന്‍ ചലച്ചിത്രകാരനാണ്. നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ചലച്ചിത്രകാരനാണ് പ്രസന്ന വിധാനേജ്. ശ്രീലങ്കന്‍ സിനിമയുടെ മൂന്നാം തലമുറക്കാരില്‍ മുന്‍ഗാമികളില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
ഈജിപ്ഷ്യന്‍-ഓസ്ട്രിയന്‍ എഴുത്തുകാരനും സംവിധായകനുമാണ് അബുബക്കര്‍ ഷാകി. റുബായത്ത് ഹൊസൈന്‍ ബംഗ്ലാദേശ് ചലച്ചിത്ര സംവിധായികയും, എഴുത്തുകാരിയും, നിര്‍മ്മാതാവുമാണ്.
ഇന്ത്യന്‍ സംവിധായകനും, തിരക്കഥാകൃത്തും, നിര്‍മ്മാതാവുമാണ് പ്രിയദര്‍ശന്‍. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 95 ലധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.