മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാ സിങ് അന്തരിച്ചു: വിട പറയുന്നത് നെഹ്‌റു കുടുംബത്തിലെ വിശ്വസ്തന്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഭൂട്ടാ സിങ് അന്തരിച്ചു.86 വയസ്സായിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കോമയിലായിരുന്നു.പുലര്‍ച്ചെ 5.30 ഓടെയായിരുന്നു മരണമെന്ന് കുടുംബം പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള മുന്‍ എംപിയായിരുന്ന അദ്ദേഹം കേന്ദ്രമന്ത്രി പദവിയില്‍ റെയില്‍വേ, കൃഷി, വാര്‍ത്താവിതരണം, കോമേഴ്‌സ്, പാര്‍ലമെന്ററികാര്യം, ഷിപ്പിങ്, സ്‌പോര്‍ടസ് തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

1934 മാര്‍ച്ച് 21 ന് ജനിച്ച ബൂട്ടാ സിങ് രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. ബീഹാര്‍ ഗവര്‍ണര്‍, ദേശീയ പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. 1962ല്‍ മൂന്നാം ലോക്സഭയിലേക്ക് സാധ്ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയിലേക്ക് 8 തവണ തെരഞ്ഞെടുക്കപ്പെട്ട സിങ് എഐസിസി ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്കു ശേഷം പാര്‍ട്ടിക്കു പുതിയ ചിഹ്നം തെരഞ്ഞപ്പോള്‍ ഇന്ദിരാ ഗാന്ധി ദൗത്യം ഏല്പിച്ചത് ഭൂട്ടാസിങ്ങിനെയായിരുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി തെരഞ്ഞെടുത്തതിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തനായിട്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ സിങ് അറിയപ്പെട്ടിരുന്നത്.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു.1934 മാര്‍ച്ച് 21 ന് പഞ്ചാബിലെ മുസ്തഫപുര്‍ ജില്ലയിലെ ദളിത് കുടുംബത്തിലായിരുന്നു ജനനം. ലലിപുര്‍ ഖല്‍സ് കോളജില്‍ നിന്നു ബിരുദവും ബിജെകെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടി. രാഷ്ട്രീയത്തിലെ തുടക്കം അകാലിദളിലൂടെ ആയിരുന്നു.1960ലെ പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് നെഹ്‌റൂവിയന്‍ തത്വങ്ങളില്‍ ആകൃഷ്ടനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ശേഷം ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ത അനുയായി. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളില്‍ ഒട്ടേറെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് ആയിരുന്നു ചുമതല. ഗ്യാനി സെയില്‍ സിങ്ങിനെ രാഷ്ട്രപതിയായി പരിഗണിക്കപ്പെട്ട അതേ അവസരത്തില്‍ ഭൂട്ടാസിങ്ങിന്റെ പേരും ഉയര്‍ന്നു വന്നതാണ്. എന്നാല്‍ മികച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. പഞ്ചാബി സാഹിത്യത്തേയും സിഖ് ചരിത്രത്തേയും കുറിച്ചുള്ള സമാഹാരവും സ്പീക്കിങ് സ്റ്റേറ്റ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മഞ്ജിത് കൗര്‍ ആണു ഭാര്യ. മൂന്നു മക്കള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →