എറണാകുളം: എറണാകുളം ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകളായ വെളളൂര്‍ , ആമ്പല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരായി സഹോദരങ്ങള്‍. ലൂക്ക് മാത്യു, ബിജു തോമസ് എന്നിരാണ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. തലയോലപ്പറമ്പ് മരങ്ങോലി കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളാണ് ഇരുവരും .
വെളളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടര്‍ച്ചയായി ആറാം തവണയാണ് ലൂക്ക് മാത്യു മെമ്പറാകുന്നത്. 1995ല്‍ 26-ാം വയസില്‍ ഒരു വോട്ടിന് വിജയിച്ച ലൂക്ക് ഇത്തവണ 14-ാം വാര്‍ഡില്‍ നിന്ന് 450 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
സമീപ പഞ്ചായത്തായ എറണാകുളം ആമ്പല്ലൂരില്‍ ഇതേ കുടുംബത്തില്‍ നിന്നുളള ബിജുതോമസ് മരങ്ങോലിപ്രസിഡന്റായി . ഇടത് കോട്ടയായ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റായ ബിജു വിജയിച്ചത്. കഴിഞ്ഞ തവണ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു.ഇരുവരും സമീപ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ പദവിയിലെത്തിയതിന്റെ സന്തോഷത്തിലാണ് മരങ്ങോലി കുടുംബം.

