കോട്ടയം : കാഞ്ഞിരപ്പളളി എസ്‌ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെസ്‌നാ മരിയ ജെയിംസിന്‍റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ ഉത്തരം ഉണ്ടെന്നും, എന്നാല്‍ എല്ലാം തുറന്ന് പറയാന്‍ പറ്റാത്ത പലകാര്യങ്ങളും ഉണ്ടെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍. വൈകാതെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം അന്വേഷണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ ശുഭ പ്രതീക്ഷയുളളതെന്നും അദ്ദേഹം പറഞ്ഞു.
2018 മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതാവുന്നത്. കേസന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചിരുന്നുവെങ്കിലും ജെസ്‌നയെക്കുറിച്ച വിവരം ലഭിച്ചില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മാര്‍ച്ച് അവസാനം വരെ ജെസ്‌നയെ സംബന്ധിച്ച ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചെങ്കിലും കോവിഡ് വ്യാപനത്തില്‍ അന്വേഷണത്തില്‍ തടസങ്ങള്‍ നേരിട്ടു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നത്. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണ് പോയതെന്നാണ് വിവരം.
കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4000 നമ്പരുകള്‍ സൂക്ഷ്‌മ പരിശോധനക്ക് വിധേയമാക്കി . കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്‌നയേയും സുഹൃത്തിനേയും ബംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ്‌കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്‌ന അല്ലെന്ന് പിന്നീട് വ്യക്തമായി .
ബെംഗളൂരു എയര്‍പോര്‍ട്ടിലും ,മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പിശോധിച്ചതില്‍ അതൊന്നും ജെസ്‌നയുടേതല്ലെന്ന് വ്യക്തമായി. സംഭവ ദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.

