പയ്യന്നൂര്‍: പയ്യന്നൂർ എടാട്ടെ പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ അമ്പലത്തിന് സമീപം താമസിക്കുന്നസുരേഷിന്റെ ഭാര്യ കൂത്തൂര്‍ ചന്ദ്രമതി (60) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സ്‌ഫോടനത്തില്‍ സ്ഥാപന ഉടമയ്ക്കെതിരേ പോലിസ് കേസെടുത്തു. അശ്രദ്ധമായി പടക്കശാല കൈകാര്യം ചെയ്തതിനാണ് ഉടമയ്ക്കെതിരേ പോലിസ് കേസെടുത്തത്. പടക്കശാലയിലെ തൊഴിലാളി കുഞ്ഞിമംഗലം എടാട്ടെ കൊളങ്ങര ചന്ദ്രന്റെ പരാതിയില്‍ ഉടമ എടാട്ടെ പി. വിജയനെതിരേയാണ് പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. കെട്ടിട മുറിയില്‍ അശ്രദ്ധമായി സൂക്ഷിച്ച പടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു.
സ്‌ഫോടനത്തില്‍ തൊഴിലാളിയായ എടാട്ടെ കട്ടച്ചേരിയില്‍ കമലാക്ഷി (48) യുടെ തലയില്‍ ഷീറ്റ് തെറിച്ചുവീണ് പരിക്കേറ്റിരുന്നു. ഇവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് കൂടുതല്‍ ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. 29/12/20 ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. വെടിമരുന്ന് മിക്സ് ചെയ്യുന്നതിനായി അരയ്ക്കുന്നതിനിടെയാണ് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായതെന്നാണ് പോലിസിന്റ പ്രാഥമിക നിഗമനം.
അപകടത്തില്‍ ഷെഡിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിച്ചിതറിയും ഷെഡിന്റെ ചുമരുകള്‍ കെട്ടിയ കല്ലുകളുള്‍പ്പെടെ നിലംപൊത്തിയും രണ്ട് ഷെഡുകള്‍ പൂര്‍ണമായും നശിച്ചു. പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.വി. പവിത്രന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘം എത്തി വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാനായി.
സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ ചില വീടുകളുടെ ജനലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.