ചെന്നൈ : ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര കൊറോണ വൈറസ് തമിഴ്നാട്ടിലും. ബ്രിട്ടനില്‍ നിന്നും എത്തിയ തമിഴ്നാട് സ്വദേശിയിൽ രോഗം സ്ഥിരീകരിച്ചു. രോഗിയെ ഐസൊലേഷനിലാക്കി. സമ്പര്‍ക്കത്തിലുള്ളവരെ നീരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന് അറിയിച്ചു.
ബ്രിട്ടനിൽ നിന്നെത്തിയ 13 പേർ ഉൾപ്പെടെ തമിഴ്നാട്ടില്‍ 1005 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ജനിതകമാറ്റം സംഭവിച്ച കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജനങ്ങളോട് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമായും പാലിക്കാന്‍ ആവശ്യപ്പെട്ടു.
കൈകള്‍ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക, സൈനിറ്റൈസ് ചെയ്യുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് .
ബ്രിട്ടനിൽ വളരെ പെട്ടെന്ന് പടരുന്ന തരത്തിലുള്ള ജനിതകമാറ്റം വന്ന വൈറസാണ് പടരുന്നത്. ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ കോവിഡ് വൈറസ് വ്യാപിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പല രാജ്യങ്ങളും നിയന്ത്രണം ശക്തമാക്കി.

