കണ്ണൂര്‍: കോര്പറേഷന് ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെച്ചൊല്ലി കണ്ണൂരിലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. 27/12/20 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ച രാത്രി വൈകിയാണ് അവസാനിച്ചത്. താണയില്‍നിന്ന് ജയിച്ച കെ ഷബീനയെ ഡെപ്യൂട്ടി മേയറാക്കാനുള്ള തീരുമാനം വന്നത് പതിനൊന്നോടെയാണ്. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളിയായിരുന്നു തിരഞ്ഞെടുപ്പ്. ഇതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുല്‍ ഖാദര്‍ മൗലവിയെയും ജില്ലാ സെക്രട്ടറി അബ്ദുല്‍ കരിം ചേലേരിയെയും തടഞ്ഞുവയ്ക്കുകയായിരുന്നു. 15 മിനിറ്റോളം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ജനാധിപത്യം പാലിച്ചില്ല, കോണ്‍ഗ്രസില്‍ നടന്നതുപോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല എന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. അബ്ദുല്‍ ഖാദര്‍ മൗലവി ലീഗിനെ നശിപ്പിക്കുകയാണെന്നു പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവച്ചു. പ്രവര്‍ത്തകരെ പിന്നീട് അനുനയിപ്പിച്ചെങ്കിലും ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത തര്‍ക്കം അവസാനിച്ചിട്ടില്ല. യുഡിഎഫിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഏക കോര്‍പറേഷനാണ് കണ്ണൂര്‍. കോര്പറേഷന് മേയര്‍ സ്ഥാനത്തെ ചൊല്ലിയും തര്‍ക്കം രൂക്ഷമായിരുന്നു. ഇതെത്തുടര്‍ന്ന് ടി ഒ മോഹനനെ കോര്പറേഷന് മേയറാക്കാന്‍ വോട്ടെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.