കൊച്ചി: സെൻസർ ബോർഡ് അംഗം വി സന്ദീപ് കുമാറിന്റെ പോസ്റ്റിനെതിരെ പ്രതികരിച്ച് കൊണ്ട് തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത്.
പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാനം’ എന്ന സിനിമക്ക് അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് എഴുതിയ ട്വീറ്റിനെതിരെ നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്. ഡൽഹി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാർദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ‘വര്‍ത്തമാന’ത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

