പാറ്റ്ന: കൊല്ലപ്പെട്ടെന്നു കരുതിയ യുവതിയും മകനും തിരിച്ചെത്തി, കൊലക്കേസിൽ ഒന്നര വർഷം ജയിലിൽ കിടന്ന ദമ്പതികളെ കോടതി മോചിപ്പിച്ചു. നീതിന്യായ സംവിധാനത്തെയാകെ നാണം കെടുത്തിയ സംഭവം നടന്നത് ബീഹാറിലാണ്. ബീഹാറിലെ ചപ്ര ജില്ലയിലെ കകാർഹട്ട് ഗ്രാമത്തിലെ മൻബോദ് കുമാർ എന്നയാളുടെ ഭാര്യയായ സ്വീറ്റിയും മകനുമാണ് ഒന്നര വർഷത്തിനു ശേഷം മുംബൈയിൽ നിന്നും തിരിച്ചു വന്നത്. സ്വീറ്റിയെ ഭർത്താവിന്റെ വീട്ടുകാർ കൊന്നതാണെന്ന് പൊലീസ് കണ്ടെത്തുകയും കേസിൽ രണ്ടു പേരെ തടവിലാക്കുകയും ചെയ്തിരുന്നു. സ്വീറ്റിയുടേതെന്നു കരുതുന്ന മൃതദേഹം പോലും പൊലീസ് ‘തിരിച്ചറിഞ്ഞിരുന്നു’.
2019 മെയ് മാസമാണ് കകാർഹട്ട് ഗ്രാമത്തിലെ ഭർതൃവീട്ടിൽ നിന്നും ബാജിത്പൂർ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് സ്വീറ്റിയും മകനും യാത്ര തിരിച്ചത്. എന്നാൽ ഇവർ ബാജിത്പൂരിൽ എത്തിയില്ല. ഇതേ തുടർന്ന് ലോക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
സ്വീറ്റിയുടെ തിരോധാനം നടന്ന് രണ്ട് ദിവസത്തിനു ശേഷം ഹക്മ ഗ്രാമത്തിനടുത്തുള്ള ഡാബ്ര നദിയുടെ തീരത്ത് കൊല്ലപ്പെട്ട നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇത് സ്വീറ്റിയുടേതാണെന്ന് സംശയിച്ച പൊലീസ് സ്വീറ്റിയുടെ പിതാവായ വിജയ് സിംഗിനെ മൃതദേഹം തിരിച്ചറിയാൻ ക്ഷണിച്ചു. അദ്ദേഹം കണങ്കാലുകൾ നോക്കി മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
കൊലപാതകം നടത്തിയത് സ്വീറ്റിയുടെ ഭർത്താവിന്റെ സഹോദരനും ഭാര്യയുമാണെന്ന് വിജയ് സിങ് ആരോപിച്ചു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശിവനാഥ് റാം ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റവും ചുമത്തി.
എന്നാൽ പിന്നീട് ചാർജെടുത്ത അന്വേഷണ ഉദ്യോഗസ്ഥനായ മധുറായ് ബൈത കേസന്വേഷണത്തിലെ ചില സുപ്രധാന പോരായ്മകൾ കണ്ടെത്തി. അതിൽ ഏറ്റവും പ്രധാനം സ്വീറ്റിയുടെ മകൻ എവിടെപ്പോയി എന്നതായിരുന്നു.
” ഞാൻ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ബെൽഡി പോലീസ് സ്റ്റേഷന്റെ എസ്എച്ച്ഒ വികാസ് കുമാറിന് കൈമാറി. കണങ്കാലുകൾ കണ്ട് മൃതദേഹം തിരിച്ചറിഞ്ഞതിൽ വീഴ്ച സംഭവിച്ചിരിക്കാമെന്ന് ഞങ്ങൾ സംശയിച്ചു.” മധുരയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഇന്ദ്രജിത് ബൈദ പറഞ്ഞു.
“തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ സ്വീറ്റി മുംബൈയിലേക്ക് പോയിട്ടുണ്ടെന്ന് വ്യക്തമായി. എന്നാൽ, അവർ ഉളള സ്ഥലം കൃത്യമായി കണ്ടെത്താനായില്ല. ബെൽഡി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു പോലീസ് സംഘം സ്വീറ്റിയുടെ കുടുംബത്തെയും നിരീക്ഷിച്ചു. അങ്ങനെ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന്, സ്വീറ്റി വീട്ടിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് അറിഞ്ഞു. പവൻ എക്സ്പ്രസ് ട്രെയിനിൽ മുസാഫർപൂരിൽ എത്തിയ യുവതിയെയും മകനെയും വെളളിയാഴ്ച (25/12/2020) പോലീസ് പിടികൂടി.
ഞങ്ങൾ അവരെ സിവിൽ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഒന്നര വർഷമായി ജയിലിൽ കഴിയുകയായിരുന്ന രണ്ടുപേരെ കുറ്റവിമുക്തരാക്കാനുള്ള ഉത്തരവ് ഉടൻ കോടതി നൽകി,” അദ്ദേഹം പറഞ്ഞു.
സ്വീറ്റി 2008 ൽ ഒരു മൻബോദ് കുമാറുമായി വിവാഹം കഴിച്ചത്. മൻബോദ് കുമാർ മാനസിക വെല്ലുവിളികൾ നേരിടുന്നയാളായിരുന്നു. കുമാറിന്റെ ജ്യേഷ്ഠനെയും ഭാര്യയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.

