പാലക്കാട്ടെ ദുരഭിമാന കൊലയില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു

പാലക്കാട് : പാലക്കാട് ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറിശി ഇലമന്ദത്ത് ആറുമുഖന്റെ മകന്‍ അനീഷ് അപ്പു(27) ആണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

മകള്‍ ഹരിതയെ അനീഷ് വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രഭുകുമാര്‍ മൊഴിനല്‍കി. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 2020 സെപ്തംബര്‍ 27നാണ് അനീഷും 19 കാരിയായ ഹരിതയും വിവാഹിതരായത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പിളളസമുദായത്തില്‍ പെട്ടതാണ് ഹരിത. അനീഷ് കൊല്ലന്‍ സമുദായമാണ്. ജാതീയവും സാമ്പത്തീകവുമായ വലിയ അന്തരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ സുരേഷിനെ വെളളിയാഴ്ച രാത്രിയോടെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയലെടുത്തിരുന്നു. പ്രഭുകുമാര്‍ ബുളളറ്റില്‍ തന്‍റെ സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. മൊബൈല്‍ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു. പോലീസ് അന്വേഷിച്ച് എത്തുമെന്ന് മനസിലാക്കി ഇന്നലെ പുലര്‍ച്ചെ അവിടെനിന്ന ബസ്മാര്‍ഗ്ഗം മറ്റൊരിടത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ഇയാളെ പാലക്കാടെത്തിച്ച വിശദമായി ചോദ്യം ചെയ്തശേഷമാണ് ഇരുവരുടേയും അറസറ്റ് ‌രേഖപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →